ടെൽ അവീവ് : ലെബനനിൽ നിന്നുമുള്ള റോക്കറ്റ് ആക്രമണങ്ങൾക്ക് കടുത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ. ശനിയാഴ്ച രാവിലെയാണ് വടക്കൻ ഇസ്രായേലിലേക്ക് ലെബനനിൽ നിന്നും വ്യോമാക്രമണം ഉണ്ടായത്. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ള ആണ് ആക്രമണങ്ങൾക്ക് പിന്നിൽ. ആക്രമണത്തിന് പിന്നിൽ ഏത് ഭീകര സംഘടന ആയാലും തങ്ങളുടെ പ്രദേശത്ത് നിന്ന് തൊടുത്തുവിടുന്ന ഏതൊരു റോക്കറ്റിന്റെയും ഉത്തരവാദിത്തം ലെബനൻ സർക്കാരിനാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി.
ലെബനനിൽ നിന്നുള്ള അതിർത്തി കടന്നുള്ള റോക്കറ്റ് ആക്രമണത്തെ ഇസ്രായേൽ വൻതോതിലുള്ള പീരങ്കികളും വ്യോമാക്രമണങ്ങളും നടത്തി ചെറുത്തു. ഇസ്രായേലിന്റെ പ്രത്യാക്രമണത്തോടെ കഴിഞ്ഞ മൂന്നു മാസങ്ങളായി ശാന്തമായിരുന്ന ലെബനൻ ഇസ്രായേൽ സംഘർഷം വീണ്ടും പൂർവസ്ഥിതിയിലായി. ഇസ്രായേലിന്റെ ആക്രമണങ്ങൾ രാജ്യത്തെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം അഭിപ്രായപ്പെട്ടു.
ഇസ്രായേൽ പട്ടണമായ മെതുലയെ ലക്ഷ്യം വച്ചാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഡിസംബറിനുശേഷം ഇത് രണ്ടാം തവണയാണ് ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടാകുന്നത്. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തിയതിന്റെ പിന്നാലെ തന്നെ ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും മിസൈലുകളും വിക്ഷേപിക്കാൻ തുടങ്ങിയിരുന്നു. സെപ്റ്റംബറിൽ ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം ഒരു സമഗ്ര യുദ്ധമായി വളർന്നു. ഇസ്രായേൽ അതിശക്തമായി തന്നെ തിരിച്ചടിക്കുകയും നിരവധി വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തു. ഹിസ്ബുള്ളയുടെ മിക്ക മുതിർന്ന നേതാക്കളെയും ഏതാനും മാസങ്ങൾ കൊണ്ട് ഇസ്രായേൽ കൊലപ്പെടുത്തി. ഈ പോരാട്ടത്തിൽ ലെബനനിൽ 4,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post