വാഷിംഗ്ടൺ : പ്രതിപക്ഷ പാർട്ടിയിലെ പ്രധാന നേതാക്കളുടെ സുരക്ഷാ അനുമതികൾ റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡണ്ട് ജോ ബൈഡന്റെ കുടുംബത്തിന് നൽകിവന്നിരുന്ന പ്രത്യേക സുരക്ഷ ഉൾപ്പെടെയാണ് റദ്ദാക്കിയിട്ടുള്ളത്. മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ എന്നിവരുടെയും സുരക്ഷാ അനുമതി റദ്ദാക്കിയതായി ട്രംപ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.
ട്രംപിന്റെ നിശിത വിമർശകയായിരുന്ന റിപ്പബ്ലിക്കൻ മുൻ പ്രതിനിധി ലിസ് ചെനി, ബൈഡൻ വൈറ്റ് ഹൗസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ, തന്റെ ആദ്യ ടേമിൽ ദേശീയ സുരക്ഷാ കൗൺസിലിൽ സേവനമനുഷ്ഠിച്ച റഷ്യയിലെ വിദഗ്ദ്ധയായ ഫിയോണ ഹിൽ എന്നിവരുടെ പേരുകളും സുരക്ഷാ അനുമതി റദ്ദാക്കിയ ഉത്തരവിൽ ഉണ്ട്. “താഴെ പറയുന്ന വ്യക്തികൾക്ക് രഹസ്യ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നത് ഇനി ദേശീയ താൽപ്പര്യത്തിന് അനുയോജ്യമല്ലെന്ന് ഞാൻ തീരുമാനിച്ചു” എന്നാണ് പുതിയ ഉത്തരവിനെ കുറിച്ച് ട്രംപ് പ്രസ്താവന നടത്തിയത്.
ഫെബ്രുവരിയിൽ തന്നെ ബൈഡന്റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കാനുള്ള തന്റെ ഉദ്ദേശ്യം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ നിർദ്ദേശപ്രകാരം മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ട്രംപിനെതിരെ വഞ്ചനയ്ക്ക് കേസെടുത്ത ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് എന്നിവർക്കുള്ള ആക്‌സസ് റദ്ദാക്കിയതായി ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് മാർച്ച് 10 ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുൻ പ്രസിഡന്റ് ബൈഡന്റെ മുഴുവൻ കുടുംബത്തിന്റെ ഉൾപ്പെടെ സുരക്ഷ റദ്ദാക്കിയതായി ട്രംപ് ഉത്തരവിട്ടിരിക്കുന്നത്.
ട്രംപ് സ്വീകരിക്കുന്നത് പ്രതികാര നടപടി ആണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഇന്റലിജൻസ് വിവരങ്ങൾ ആക്സസ് ചെയ്യുന്നതിൽ ജോ ബൈഡനെ ട്രംപ് വിലക്കിയിട്ടുള്ളത് ഈ പ്രതികാര നടപടിയുടെ ഭാഗമാണെന്നും പ്രതിപക്ഷം സൂചിപ്പിക്കുന്നു. മുൻകാലങ്ങളിൽ, മുൻ പ്രസിഡന്റുമാർക്ക് ചില കാര്യങ്ങളെക്കുറിച്ച് വിശദീകരണം നൽകുകയും, ഒരു മര്യാദ എന്ന നിലയിൽ തന്ത്രപ്രധാനമായ വിവരങ്ങൾ ലഭ്യമാക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. 2021-ൽ ട്രംപിന്റെ “തെറ്റായ പെരുമാറ്റം” കാരണം അദ്ദേഹത്തെ വിശ്വസിക്കാൻ കഴിയില്ലെന്ന് വാദിച്ചുകൊണ്ട്, രഹസ്യ രേഖകൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ബൈഡൻ വിലക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോൾ ബൈഡനും അതേ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Discussion about this post