മുംബൈ: നാഗ്പൂരിൽ ഖുർആൻ കത്തിച്ചെന്ന് ആരോപിച്ച് കലാപം സൃഷ്ടിച്ച മതമൗലികവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മഹാരാഷ്ട്ര സർക്കാർ. സർക്കാരിനുണ്ടായ നാശനഷ്ടം കുറ്റക്കാരിൽ നിന്നും തന്നെ ഈടാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ആവശ്യമെങ്കിൽ ബുൾഡോസർ ഉപയോഗിക്കാനും സർക്കാരിന് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ആയിരുന്നു കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.
സംഭവത്തിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതായി ഫഡ്‌നാവിസ് പറഞ്ഞു. കലാപം നടക്കുന്നതിന് മുൻപ് ചില സംഭവങ്ങൾ നാഗ്പൂരിൽ നടന്നു. ഔറംഗസേബിന്റെ ഖബറിന് തീയിട്ടെന്നും ഖുർആൻ കത്തിച്ചെന്നും തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതാണ് എല്ലാറ്റിനും തുടക്കമിട്ടത്. ഇതിന് പിന്നാലെ ഒരു സംഘം പ്രദേശത്ത് അക്രമം നടത്തി. നാലഞ്ച് മണിക്കൂർ എടുത്താണ് പ്രദേശത്തെ സ്ഥിതിഗതികൾ പോലീസ് ശാന്തമാക്കിയത്. സംഭവത്തിൽ ഇതുവരെ 104 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരും.
ഇവരുടെ ആക്രമണത്തിൽ പൊതുമുതൽ വ്യാപകമായി നശിച്ചിട്ടുണ്ട്. എന്തെല്ലാം നാശനഷ്ടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ടോ അതെല്ലാം കലാപകാരികളിൽ നിന്നും ഈടാക്കും. നശിച്ചതിന്റെ മൂല്യം കണക്കാക്കി പിഴയൊടുക്കണം. അല്ലാത്ത്പക്ഷം സ്വത്തുക്കൾ കണ്ടുകെട്ടും. ബുൾഡോസറുകൾ ആവശ്യമായി വന്നാൽ അതും ഉപയോഗിക്കും.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും. പോലീസ് അവരുടെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഒരു കുറ്റവാളി പോലും രക്ഷപ്പെടില്ലെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.
Discussion about this post