റാഞ്ചി : ജാർഖണ്ഡിൽ ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫ് സബ്ഇൻസ്പെക്ടർ വീരമൃത്യു മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആയിരുന്നു പരിക്കേറ്റിരുന്നത്. ഇരുവരെയും ഉടൻതന്നെ ഹെലികോപ്റ്റർ മാർഗ്ഗം റാഞ്ചിയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ആണ് സിആർപിഎഫ് സബ് ഇൻസ്പെക്ടർ സുനിൽ മണ്ഡൽ വീരമൃത്യു വരിച്ചത്.
പശ്ചിമബംഗാൾ സ്വദേശിയാണ് സിആർപിഎഫ് സബ് ഇൻസ്പെക്ടർ സുനിൽ മണ്ഡൽ. സ്ഫോടനത്തിൽ അദ്ദേഹത്തോടൊപ്പം പരിക്കേറ്റിരുന്ന ജവാൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ചോട്ടനാഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മരങ്‌പോംഗയിലെ വനമേഖലയിൽ ആണ് ഐഇഡി സ്ഫോടനം ഉണ്ടായത്. സിആർപിഎഫ് 193-ാം ബറ്റാലിയനിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച സാരന്ദ വനത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളങ്ങളിൽ ഒന്നായ ഈ മേഖലയിൽ ഇതിനുമുമ്പ് പലതവണ ഐഇഡി സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ പോലീസുകാർക്കും സാധാരണക്കാർക്കും ഒരുപോലെ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. അടുത്തിടെ സുരക്ഷാ സേന 20 കിലോഗ്രാം ഭാരമുള്ള ഒരു ഐഇഡി ബോംബ് ഈ പ്രദേശത്തു നിന്നും കണ്ടെടുത്തിരുന്നു.
Discussion about this post