ന്യൂഡൽഹി : രാജ്യത്തെ ഉള്ളി കർഷകർക്ക് സന്തോഷവാർത്ത. ഉള്ളി കയറ്റുമതിയ്ക്കുള്ള 20% തീരുവ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഉത്തരവ് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി.
2024 സെപ്റ്റംബറിലായിരുന്നു പുള്ളിയുടെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ 20% തീരുവ ഏർപ്പെടുത്തിയിരുന്നത്. രാജ്യത്തെ ഉള്ളി ക്ഷാമവും ഉൽപാദനക്കുറവും കണക്കിലെടുത്തായിരുന്നു കയറ്റുമതി തീരുവ വർദ്ധിപ്പിച്ചിരുന്നത്. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി 2023 ഡിസംബർ 8 മുതൽ 2024 മെയ് 3 വരെ ഏകദേശം അഞ്ച് മാസത്തേക്ക് ഉള്ളി കയറ്റുമതിക്ക് പൂർണ്ണമായ നിരോധനവും ഉണ്ടായിരുന്നു.
നിലവിൽ ഉള്ളിയുടെ ഉത്പാദനവും ആഭ്യന്തര വിപണിയിലെ ലഭ്യതയും വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഉള്ളിയുടെ ചില്ലറ വിൽപ്പന വിലയിലും 10% ത്തോളം കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കയറ്റുമതിക്ക് തീരുവ ഇളവ് കൂടി ലഭിക്കുന്നത് കയറ്റുമതി വർധിപ്പിക്കുകയും കർഷകർക്ക് ആശ്വാസകരമായ തീരുമാനം ആവുകയും ചെയ്യുന്നതാണ്.
Discussion about this post