ലഖ്‌നൗ : ഒരു കോഴിയെ കൊന്നതിന്റെ പേരിൽ പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ട അവസ്ഥ വന്നിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേർക്ക്. ബല്ലിയ ജില്ലയിലെ പക്ഡി പ്രദേശത്ത് ആണ് ഈ വിചിത്രമായ സംഭവം നടന്നത്. സൂരജ് റാം, ഷീലാ ദേവി എന്നിവർക്കെതിരെയാണ് കോഴിയെ കൊന്നതിന്റെ പേരിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പ്രതികളുടെ അയൽവാസിയായ ആരതി ദേവി എന്ന സ്ത്രീ ആണ് സൂരജും ഷീലയും ചേർന്ന് തന്റെ കോഴിയെ കൊലപ്പെടുത്തി എന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയത്. ആരതിദേവിയുടെ വീട്ടിൽ വളർത്തിയിരുന്ന കോഴിയെ ഇഷ്ടിക കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്തി എന്നും ഇത് ചോദിക്കാൻ എത്തിയ ആരതിയെ മർദ്ദിച്ചു എന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. തുടർന്ന് പോലീസ് പ്രതികൾക്കെതിരെ കേസ് ചാർജ് ചെയ്യുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 325 (ഒരു മൃഗത്തെ കൊല്ലൽ), 115-2 (മനപ്പൂർവ്വം ഉപദ്രവിക്കൽ), 352 (സമാധാനം തകർക്കാൻ ഉദ്ദേശിച്ച് മനപ്പൂർവ്വം അപമാനിക്കൽ), 351-3 (ആരെയെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. വീടുകളിൽ വളർത്തുന്നതോ അല്ലാത്തതോ ആയ ഏത് മൃഗങ്ങൾക്കെതിരെയും ഉപദ്രവകരമായ രീതിയിൽ പെരുമാറുന്നതിനെതിരെ കേസെടുക്കാൻ വകുപ്പുണ്ടെന്നാണ് ഉത്തർപ്രദേശ് പോലീസ് ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നത്.
Discussion about this post