പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. പ്രഖ്യാപനം തൊട്ട് ട്രെയിലർ റിലീസിന് വരെ വമ്പൻ ഹൈപ്പ് കിട്ടിയിരിക്കുന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗും റെക്കോർഡ് തൊട്ടിരുന്നു. മാർച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും ചിത്രം പ്രദർശനം ആരംഭിക്കുന്നത്. ഈ റിലീസ് ദിനം ഉത്സവമാക്കാനുള്ള തീരുമാനത്തിലാണ് ആരാധകർ.
റിലീസ് ദിനം ആരാധകർക്ക് മുന്നിൽ ഡ്രസ്സ് കോഡ് എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ് ആശിർവാദ് സിനിമാസ്. എക്‌സിലൂടെയാണ് ആശിർവാദ് സിനിമാസ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. മാർച്ച് 27-ന് നമുക്ക് ബ്ലാക്ക് ഡ്രസ്സ് കോഡ് ആയാലോയെന്ന് ആശിർവാദ് സിനിമാസ് എക്സിൽ കുറിച്ചു. എക്സിൽ ഒരു പോൾ രൂപത്തിലാണ് ഇത് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ആരാധകർക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഓപ്ഷനുമുണ്ട്. ഒട്ടുമിക്ക ആരാധകരും ഈ ഡ്രസ്സ് കോഡ് ഏറ്റെടുക്കുന്നതായി കമന്റിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും പ്രതികരണവുമായി രംഗത്തെത്തി. ഈ ഡ്രസ്സ് കോഡിനോട് യോജിക്കുന്നതായി പൃഥ്വിരാജ് കുറിച്ചു. മോഹൻലാലിനെ ഇതിന്റെ ഭാഗമാക്കാമെന്നും പൃഥ്വിരാജ് കുറിച്ചു.
അതേസമയം ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമയാണെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. ഇന്ത്യൻ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും സിനിമയിൽ പ്രതിപാദിക്കും. മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം വലിയതാരനിരയാണ് എത്തുന്നത്.മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, സായ് കുമാർ, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, സുരാജ് വെഞ്ഞാറമൂട്, ജെറോപം ഫ്ളിൻ, അഭിമന്യു സിംഗ്, ബൈജു, സായ് കുമാർ, ആൻട്രിയ ടിവാടർ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങൾക്കൊപ്പം വിദേശ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപക് ദേവിന്റേതാണ് സംഗീതം, ക്യാമറ സുജിത്ത് വാസുദേവ്. ശ്രീ ഗോകുലം മൂവീസും ആശീർവാദ് സിനിമാസുമാണ് നിർമാണം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അമേരിക്ക, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ തുടങ്ങിയ സ്ഥലങ്ങളിലായാണ് എമ്പുരാന്റെ ചിത്രീകരണം പൂർത്തിയായത്.
Discussion about this post