മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എന്പുരാൻ. പ്രഖ്യാപനം തൊട്ട് ട്രെയിലർ റിലീസിന് വരെ വമ്പൻ ഹൈപ്പ് കിട്ടിയിരിക്കുന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗും റെക്കോർഡ് തൊട്ടിരുന്നു. മാർച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും ചിത്രം പ്രദർശനം ആരംഭിക്കുന്നത്. ഈ റിലീസ് ദിനം ഉത്സവമാക്കാനുള്ള തീരുമാനത്തിലാണ് ആരാധകർ.
ഇപ്പോഴിതാ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന കഥാപാത്രത്തിന് ലൂസിഫർ എഴുതിയ കത്ത് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. “പ്രിയപ്പെട്ട ഗോവര്‍ദ്ധന്‍, താങ്കൾ എന്നെ കുറിച്ച് മനസിലാക്കിയതെക്കെ നേരാണ്.. കേരളം ഭയക്കാനിരുന്ന..എന്നാല്‍ ഭയക്കേണ്ട ഏറ്റവും വലിയ വിഷ സർപ്പം, ‘രാജവെമ്പാല’ ഞാന്‍ തന്നെയാണ്. നിങ്ങള്‍ കണ്ടെത്തിയ മറ്റെല്ലാ സത്യങ്ങളും സത്യം തന്നെയാണ്. നിങ്ങള്‍ തെഞ്ഞെടുത്ത വഴികളിലൂടെ തുടര്‍ന്ന് കൊണ്ടേയിരിക്കുക. സത്യാന്വേഷികളെ ഈ നാടിന് ആവശ്യമാണ്. ഈ കത്ത് നിങ്ങള്‍ വായിക്കമ്പോള്‍ നിങ്ങളറിയാതെ നിങ്ങളെ കാത്തിരിക്കുന്ന മറ്റൊര സമ്മാനമുണ്ട്.. ആശ്രയത്തിലേക്ക് ചെല്ലുക. സ്നേഹം നിങ്ങള്‍ എന്നും വെറക്കേണ്ട നിങ്ങള്‍ മാത്രം കണ്ടെത്തിയ, നിങ്ങളുടെ സ്വന്തം.. L”, എന്നാണ് കത്തിൽ കുറിച്ചിരിക്കുന്നത്. അന്തിമമായി ഒരു നാമം ഉണ്ടായിരുന്നു. ആ നാമം ലൂസിഫറിന്റെ പക്കലായിരുന്നു. ആ നാമവും ലൂസിഫർ തന്നെയായിരുന്നു. എന്നാണ് കത്തിനൊപ്പം കുറിച്ചിരിക്കുന്ന ക്യാപ്ഷൻ.
അതേസമയം ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമയാണെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. ഇന്ത്യൻ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും സിനിമയിൽ പ്രതിപാദിക്കും. മുരളിഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം വലിയതാരനിരയാണ് എത്തുന്നത്.മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, സായ് കുമാർ, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, സുരാജ് വെഞ്ഞാറമൂട്, ജെറോപം ഫ്ളിൻ, അഭിമന്യു സിംഗ്, ബൈജു, സായ് കുമാർ, ആൻട്രിയ ടിവാടർ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ത്യൻ താരങ്ങൾക്കൊപ്പം വിദേശ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപക് ദേവിന്റേതാണ് സംഗീതം, ക്യാമറ സുജിത്ത് വാസുദേവ്. ശ്രീ ഗോകുലം മൂവീസും ആശീർവാദ് സിനിമാസുമാണ് നിർമാണം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അമേരിക്ക, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ തുടങ്ങിയ സ്ഥലങ്ങളിലായാണ് എമ്പുരാന്റെ ചിത്രീകരണം പൂർത്തിയായത്.
Discussion about this post