പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നമുന (മാതൃക) എന്ന വാക്ക് ഉപയോഗിച്ചാണ് രാഹുലിനെ പരിഹസിച്ചത്. രാഹുലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഗുണം ചെയ്യുന്നത് ബിജെിപിക്കാണ് എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വാർത്ത ഏജൻസിയുമായി നടത്തിയ പോഡ്കാസ്റ്റിലാണ് യോഗി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘ബിജെപിയെ സംബന്ധിച്ചിടത്തോളം, രാഹുൽ ഗാന്ധിയെപ്പോലുള്ള ഏതാനും മാതൃകകൾ ഉള്ളത് വ്യക്തവും സുഗമവുമായ ഒരു പാത ഉറപ്പാക്കുന്നു’ എന്നായിരുന്നു യോഗി ഇതിനോട് കൂട്ടിച്ചേർത്തത്. രാഷ്ട്രീയ നേട്ടത്തിനായി കോൺഗ്രസ് മനപൂർവം സെൻസിറ്റീവ് ആയ വിഷയങ്ങൾ നീട്ടിക്കൊണ്ടുപോകുകയാണെന്ന ആരോപണവും മുഖ്യമന്ത്രി വീണ്ടും ഉന്നയിച്ചു. കൂടാതെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയേയും പരിഹസിച്ചു. ഇന്ത്യയെ തകർക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ യാത്രയാണ് ഇതെന്നായിരുന്നു യോഗി ആദിത്യനാഥ് ആരോപിച്ചത്. ഇന്ത്യയ്ക്ക് പുറത്ത് അദ്ദേഹം ഇന്ത്യയെ വിമർശിക്കുന്നുവെന്നും രാജ്യം അദ്ദേഹത്തിന്റെ സ്വഭാവവും ഉദ്ദേശ്യങ്ങളും മനസിലാക്കി കഴിഞ്ഞെന്നും യോഗി ചൂണ്ടിക്കാട്ടി .
രാമക്ഷേത്ര തർക്കം, മുത്തലാഖ് നിയമം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെ നിലപാട് ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് ദേശീയ പുരോഗതിയോടുള്ള കോൺഗ്രസിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്തു. വിവിധ വിഷയങ്ങളിൽ കഴിഞ്ഞ കാലത്തായി കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ എടുത്തു പറഞ്ഞുകൊണ്ടേയിരുന്നു യോഗിയുടെ വിമർശനം. ‘മുത്തലാഖ് കോൺഗ്രസ് നിർത്തലാക്കാത്തത് എന്തുകൊണ്ട്? കോൺഗ്രസ് എന്തുകൊണ്ടാണ് ഇത്രയധികം അഭിമാനത്തോടെയും ദൈവികതയോടെയുമുള്ള കുംഭമേളയെ പ്രോത്സാഹിപ്പിക്കാത്തത്? രാജ്യത്ത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ട്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഉയർത്തിയത്.
കൂടാതെ യുപിയിലെ മതസൗഹാർദ്ദത്തെ കുറിച്ചും യോഗി ആദിത്യനാഥ് മനസ് തുറന്നു .’സംസ്ഥാനത്തെ മുസ്ലീം സമുദായത്തിന് അവരുടെ മതപരമായ എല്ലാ ആചാരങ്ങളും ആഘോഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. 2017-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ഒരു തരത്തിലുള്ള വർഗീയ കലാപങ്ങളും ഉണ്ടായിട്ടില്ല. ഉത്തർപ്രദേശിൽ ഏറ്റവും കൂടുതൽ സുരക്ഷിതർ മുസ്ലീം സമൂഹമാണ്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിലും അവരും സുരക്ഷിതർ തന്നെയായിരിക്കും.
Discussion about this post