കൊല്ലം: യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരിയ്‌ക്കെതിരെ ‘ ലഹരിയ്‌ക്കെതിരെ ഒരു തിരിവെട്ടം’ എന്ന പേരിൽ ദേശീയ അധ്യാപക പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികൾക്ക് തുടക്കം. കൊല്ലത്തെ കുണ്ടറയിൽ നടന്ന പരിപാടി പോലീസ് സബ് ഇൻസ്‌പെക്ടർ കെ .പ്രദീപ് ഉദ്ഘാടനം ചെയ്തു. യുവതലമുറയെ നശിപ്പിക്കുന്ന വിപത്തിനെതിരേ ‘മയങ്ങല്ലേ മക്കളേ, മറക്കല്ലേ മൂല്യങ്ങൾ’ എന്ന മുദ്രാവാക്യം ഉയർത്തി ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് 14 ജില്ല ആസ്ഥാനങ്ങളിലുമാണ് തുടക്കം കുറിച്ചിരിക്കുന്നത്.
സമൂഹത്തിലെ സാധാരണക്കാരന്റെ കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ ലഹരിയുടെ അതിപ്രസരം തടയുന്നതിന് വേണ്ടി അധ്യാപക സമൂഹം പരിശ്രമിക്കുമ്പോൾ അവകാശ സംരക്ഷണങ്ങളുടെ പേരിൽ അതിന് തടയിടാനാണ് ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ പാറംകോട് ബിജു പറഞ്ഞു. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം സാധാരണക്കാരന്റെ കുട്ടികളും ലഹരിയുടെ വഴികളിലേക്ക് നടന്നു കയറുകയാണ്. അധ്യാപക സമൂഹത്തെ നിശബ്ദരാക്കുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. അതിനു മാറ്റം വന്നേ കഴിയൂ. അതുകൊണ്ട് തന്നെ നിയമസം രക്ഷണം ഉറപ്പാക്കിക്കൊണ്ട് ലഹരിക്കെതിരേ പോരാടാനുള്ള സ്വാത്രന്ത്ര്യം അദ്ധ്യാപകർക്ക് നൽകേണ്ടത് അനിവാര്യമാണ്. ദേശീയ അധ്യാപക പരിഷത്ത് മുന്നോട്ടുവെക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ പിന്തുണയോടെ ശക്തിയുക്തം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ അധ്യാപക പരിഷത്ത് കൊല്ലം ജില്ലാ പ്രസിഡന്റ് എസ് കെ ദിലീപ് കുമാർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എ അനിൽകുമാർ, സംസ്ഥാന സമിതി അംഗം ടി ജെ ഹരികുമാർ, ബിജെപി ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് എ അനിൽകുമാർ, ജില്ലാ വനിതാ വിഭാഗം കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത്, പി എസ് ശ്രീജിത്ത് എസ് കെ ദീപു കുമാർ എ ജി കവിത, കെ. ആർ. സന്ധ്യ, ആർ.ശിവൻപിള്ള , ആർ. ഹരികൃഷ്ണൻ, ഷീബ എസ്, അഭിലാഷ് കീഴൂട്ട് തുടങ്ങിയവർ സംസാരിച്ചു.
Discussion about this post