ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരുമായി ഏറ്റുമുട്ടി പോലീസ്. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസുകാർക്ക് ഭീകരരുടെ വെടിയേറ്റു. കത്വ ജില്ലയിലെ ജക്ക്‌ഹോൾ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജക്ക്‌ഹോൾ ഗ്രാമത്തിൽ നിന്നും 30 കിലോമീറ്റർ മാറിയുള്ള ഹിരാനഗർ എന്ന സ്ഥലത്ത് ഞായറാഴ്ച ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിന് തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഹിരാനഗറിൽ നിന്നും ഭീകരർ പ്രദേശത്ത് എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് ഇവിടെ എത്തിയത്. തുടർന്ന് പരിശോധന ആരംഭിക്കുകയായിരുന്നു.
ഇതിനിടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർത്തു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കത്വയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഞായറാഴ്ച ഹിരാനഗറിൽ ഉണ്ടായിരുന്ന സംഘം തന്നെയാണ് ഗ്രാമത്തിൽ എത്തിയതെന്ന് പോലീസ് അറിയിച്ചു. ഹിരാനഗറിൽ നിന്നും രക്ഷപ്പെട്ടാണ് സംഘം ഇവിടെ എത്തിയത്. ഗ്രാമത്തിൽ 30 മിനിറ്റ് നേരം ഏറ്റുമുട്ടൽ തുടർന്നു. എന്നാൽ പോലീസിന്റെ ശക്തമായ പ്രതിരോധത്തിൽ പിടിച്ച് നിൽക്കാൻ കഴിയാതിരുന്ന ഭീകരർ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.









Discussion about this post