ശ്രീനഗർ : മോദിയുടെ ഭാരതത്തോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് രണ്ട് കശ്മീരി സംഘടനകൾ. ഹുറിയത്ത് സംഘടനകളായ ജെ കെ തഹ്രീഖി ഇസ്തെഖ്‌ലാലും ജെ കെ തഹ്രീഖ്-ഇ-ഇസ്തിഖാമത്തും ആണ് വിഘടന വാദം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിപ്പെടുത്ത നവയുഗ ഭാരതത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മോദി സർക്കാരിനു കീഴിൽ വിഘടനവാദം അവസാന ശ്വാസം വലിക്കുകയാണെന്ന് അമിത് ഷാ എക്സിൽ കുറിച്ച പോസ്റ്റിൽ സൂചിപ്പിച്ചു. ഐക്യത്തിന്റെ വിജയം കശ്മീരിലുടനീളം പ്രതിധ്വനിക്കുന്നു. ഹുറിയത്തുമായി ബന്ധപ്പെട്ട രണ്ട് ഗ്രൂപ്പുകൾ കൂടി, അതായത് ജമ്മു കശ്മീർ തഹ്രീഖി ഇസ്തെഖ്‌ലാൽ, ജമ്മു കശ്മീർ തഹ്രീക്-ഇ-ഇസ്തിഖാമത്ത് എന്നിവ വിഘടനവാദം ഉപേക്ഷിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജി നിർമ്മിച്ച പുതിയ ഭാരതത്തിൽ വിശ്വാസം അർപ്പിച്ചു എന്നും അമിത് ഷാ വ്യക്തമാക്കി.
ജമ്മു കശ്മീർ തെഹ്രീക്-ഇ-ഇസ്തിഖ്‌ലാൽ തലവൻ ഗുലാം നബി സോഫി സംഘടന വിഘടന വാദത്തിൽ നിന്നും പിന്തിരിയുന്നതായി ഔപചാരികമായി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നതിൽ വിഘടനവാദ കൂട്ടായ്മ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവർഷം ഹുറിയത്ത് കോൺഫറൻസിന്റെ മുൻ നേതാവായിരുന്ന സയ്യിദ് സലിം ഗിലാനിയും വിഘടനവാദ ക്യാമ്പ് വിട്ട് മുഖ്യധാരാ രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നു. വികസിതവും സമാധാനപരവും ഏകീകൃതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ദർശനത്തിന് ലഭിച്ച വലിയ വിജയമാണ് കശ്മീരിലെ വിഘടനവാദ സംഘടനകൾ സ്വയം പിന്മാറുന്നത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
Discussion about this post