ശ്രീനഗർ : ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ പാകിസ്താൻ ഭീകരരെ വെടിവെച്ച് കൊന്ന് സൈന്യം. സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു. വൈകുന്നേരം അഞ്ച് മണിയോടെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് പാക് ഭീകരർ കൊല്ലപ്പെട്ടത്.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ധീരജ് കടോച്ച് ഉൾപ്പെടെ അഞ്ച് സുരക്ഷാ സേനാംഗങ്ങൾക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഈ മേഖലയിൽ ഭീകരവിരുദ്ധ ദൗത്യം നടന്നുവരികയാണ്. കത്വയിലെ ഘടി ജുതാനയിൽ നടന്ന വെടിവയ്പിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിന്നുള്ള സൈനികർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ സൈനികരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ വ്യാപകമാക്കി. അന്താരാഷ്ട്ര അതിർത്തി മുറിച്ചുകടക്കുന്ന ഉജ്ജ് നദിയുടെ തീരത്തുള്ള അംബെ നാലിൽ വെച്ചാണ് സുരക്ഷാ സേന ഭീകരരെ വെടിവെച്ച് കൊന്നത്. ഈ മേഖലയിലെ സുരക്ഷയ്ക്കായി 200 ലധികം എസ്ഒജി, സിആർപിഎഫ് സൈനികരെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post