ഒട്ടാവ: താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയോട് ഇടഞ്ഞ് കാനഡ. അമേരിക്കയുമായുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം അവസാനിപ്പിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. കാനഡയിൽ നിന്നുള്ള ഓട്ടോ മൊബൈൽ ഉത്പന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയതായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കാനഡയുടെ പ്രതികരണം.
താരിഫ് ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് പിന്നാലെ പ്രൊവിഷ്യൽ നേതാക്കളുമായി കാർണി കൂടിക്കാഴ്ച നടത്തുകയും വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കാർണിയുടെ പ്രതികരണം. കനേഡിയൻ ഉത്പന്നങ്ങളുടെ ഉപഭോക്താക്കളായ അമേരിക്കക്കാരിൽ ട്രംപിന്റെ പുതിയ തീരുമാനം സാമ്പത്തിക ബാദ്ധ്യത ഏൽപ്പിക്കുമെന്നാണ് യോഗത്തിലെ വിലയിരുത്തൽ.
സാമ്പത്തികം, സുരക്ഷ, സൈനിക സഹകരണം എന്നീ മേഖലകളിൽ അമേരിക്കയുമായി വർഷങ്ങൾ പഴക്കമുള്ള ബന്ധമുണ്ട്. എന്നാൽ അതെല്ലാം ഇതോടെ അവസാനിച്ചിരിക്കുന്നു. സുരക്ഷയെക്കുറിച്ചും വ്യാപാര ബന്ധത്തെക്കുറിച്ചും പുന:രാലോചിക്കേണ്ട സമയമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ട്രംപിന്റെ അടുത്ത നീക്കം എന്താണ് എന്നതിനെക്കുറിച്ച് കാനഡയ്ക്ക് വ്യക്തത ലഭിക്കുന്നില്ല. എന്നാൽ ഒന്ന് വ്യക്തമാണ്. കാനഡയ്ക്ക് അധികാരം ഉണ്ട്, കാനഡയുടേത് ആയ ഏജൻസികൾ ഉണ്ട്. ആഭ്യന്തര വിപണിയിൽ ഞങ്ങൾ ശക്തരാണ്. അതിനാൽ ഞങ്ങളുടെ വിധിയെ ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴയും. വിദേശത്ത് നിന്നും ഏത് സർക്കാരും നൽകുന്നതിനേക്കാൾ അധികം ഞങ്ങൾക്ക് തന്നെ നൽകാൻ കഴിയും. ഞങ്ങളുടെ വിപണിയെ അമേരിക്കയ്ക്ക് കീഴടക്കാൻ കഴിയുകയില്ല.
അമേരിക്ക കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരെ നടത്തുന്ന നേരിട്ടുള്ള ആക്രമണമാണ് താരിഫ് വർദ്ധന. എന്നാൽ അമേരിക്കയുടെ ഉദ്ദേശ്യം നടക്കില്ല. ഞങ്ങളുടെ തൊഴിലാളികളെ ഞങ്ങൾ സംരക്ഷിക്കും, ഞങ്ങളുടെ കമ്പനികളെ ഞങ്ങൾ സംരക്ഷിക്കും, ഞങ്ങളുടെ രാജ്യത്തെ ഞങ്ങൾ സംരക്ഷിക്കും എന്നും കാർണി പറഞ്ഞു.
Discussion about this post