ചണ്ഡീഗഡ്: പാകിസ്താനിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയാൻ കർശന നടപടിയുമായി പഞ്ചാബ് പോലീസ്. നിരീക്ഷണത്തിനായി ഇന്തോ- പാകിസ്താൻ അതിർത്തിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. അതിർത്തിയിലെമ്പാടുമായി രണ്ടായിരം ക്യാമറകളാണ് സ്ഥാപിച്ചത്. അടുത്തിടെയായി പാകിസ്താനിൽ നിന്നും അതിർത്തിവഴി ലഹരി കടക്കുന്നത് പതിവായിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് പഞ്ചാബ് സർക്കാരിന്റെ നടപടി. ഭീകരവാദവും ലഹരിക്കടത്തും തടയുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ 40 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. പഞ്ചാബിന്റെ പടിഞ്ഞാറ് ഭാഗത്ത് പാകിസ്താനുമായി ചേർന്ന് കിടക്കുന്ന 553 കിലോ മീറ്റർ പ്രദേശത്ത് ആണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ രണ്ടാം പ്രതിരോധ നിരയുള്ള ആദ്യ സംസ്ഥാനമായി പഞ്ചാബ് മാറി.
അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും കേവലം അഞ്ച് കിലോ മീറ്റർ മാറിയാണ് പുതിയ പ്രതിരോധ കവചം തീർത്തിരിക്കുന്നത് എന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഇതോടെ രണ്ടാമത്തെ പ്രതിരോധ നിരയുള്ള ആദ്യ സംസ്ഥാനമായി പഞ്ചാബ് മാറി. പ്രസ്തുത പ്രദേശത്ത് 702 പോയിന്റുകളാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്തത്. ഇവിടങ്ങളിലായി 2127 ക്യാമറകൾ സ്ഥാപിച്ചു. ഇതിൽ 100 എണ്ണം പിടിസെഡ് ( പാൻ, ടിൽറ്റ്, സൂം) ക്യാമറകൾ ആണ്. 243 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 1700 എണ്ണം ബുള്ളറ്റ് ക്യാമറകളാണെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി രക്ഷാ സേനയുടെ സഹകരണത്തോടെയാണ് മുഴുവൻ ക്യാമറകളും ഇൻസ്റ്റാൾ ചെയ്തത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകൾ അതിർത്തിയിൽ സംഭവിക്കുന്ന ചെറിയ നീക്കങ്ങൾ പോലും കൃത്യതയോടെ പകർത്തും. അതിർത്തിയിലെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ 500 ബോർഡർ ഹോം ഗാർഡുകളെ വിന്യസിക്കാനാണ് തീരുമാനം.
ഡ്രോൺ വഴി പാകിസ്താനിൽ നിന്നും ലഹരി എത്തുന്ന നിരവധി സംഭവങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് തടയുന്നതിന് വേണ്ടി ഡ്രോൺ വേധ സംവിധാനങ്ങൾ കൊണ്ടുവരും. കേന്ദ്രസർക്കാരിന്റെയും ബിഎസ്എഫിന്റെയും സഹകരണത്തോടെ പഞ്ചാബിലേക്കുള്ള ലഹരിക്കടത്ത് പൂർണമായി തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post