ന്യൂഡൽഹി : ലോക്‌സഭയിൽ മമത ബാനാർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ അതിർത്തി സുരക്ഷാ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണ്. അതിർത്തിയിൽ വേലി കെട്ടാൻ സ്ഥലം നൽകാതിരിക്കുകയും നുഴഞ്ഞുകയറ്റക്കാരോട് കരുണ കാണിക്കുകയും ചെയ്യുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. 2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലിന് ലോക്സഭയിൽ മറുപടി നൽകുന്നതിനിടെയാണ് ബംഗാൾ സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത.്
പശ്ചിമ ബംഗാൾ സർക്കാർ ഭൂമി നൽകാത്തതിനാൽ 450 കിലോമീറ്റർ വേലി കെട്ടൽ പണി മുടങ്ങിക്കിടക്കുകയാണ്… വേലി കെട്ടൽ പ്രക്രിയതുടങ്ങുമ്പോഴെല്ലാം ഭരണകക്ഷി പ്രവർത്തകർ ഗുണ്ടായിസത്തിലും മതപരമായ മുദ്രാവാക്യങ്ങളുമായും വരികയാണ്. പശ്ചിമ ബംഗാൾ സർക്കാർ നുഴഞ്ഞുകയറ്റക്കാരോട് കരുണ കാണിക്കുന്നതിനാൽ 450 കിലോമീറ്റർ അതിർത്തിയിലെ വേലി കെട്ടൽ പണി പൂർത്തിയായിട്ടില്ല.’ അനധികൃത കുടിയേറ്റക്കാർക്ക് തിരിച്ചറിയൽ രേഖകൾ നൽകി ടിഎംസി സർക്കാർ അവരെ സഹായിക്കുന്നുണ്ടെന്ന് ഷാ ആരോപിച്ചു .
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായാലും റോഹിംഗ്യകളായാലും, മുൻപ് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ അവർ അസം വഴി ഇന്ത്യയിലേക്ക് കടക്കാറുണ്ടായിരുന്നു. ഇപ്പോൾ അവർ ടിഎംസി അധികാരത്തിലുള്ള പശ്ചിമ ബംഗാൾ വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുകയാണ്. ‘ആരാണ് അവർക്ക് ആധാർ കാർഡുകൾ നൽകുന്നത്, പൗരത്വം നൽകുന്നത്?… പിടിക്കപ്പെട്ട എല്ലാ ബംഗ്ലാദേശികൾക്കും 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള ആധാർ കാർഡുകളുണ്ട്. നിങ്ങൾ (ടിഎംസി) ആധാർ കാർഡുകൾ നൽകുന്നു, അവർ വോട്ടർ കാർഡുകളുമായി ഡൽഹിയിലേക്ക് വരുന്നു… 2026 ൽ പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കും, ഞങ്ങൾ ഇത് എല്ലാം അവസാനിപ്പിക്കും.’ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും വിദേശികളുടെ വരവ് നിരീക്ഷിക്കുന്നതിനും കർശനമായ കുടിയേറ്റ നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളരുന്ന സാമ്പത്തിക സ്ഥിതിയും വിദേശികളുടെ വർദ്ധിച്ചുവരുന്ന ഒഴുക്കും എടുത്തുകാണിച്ചുകൊണ്ട് ഷാ പറഞ്ഞു, ‘കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിൽ ഇന്ത്യ ഉയർന്നുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post