മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്. രാവിലെ ആസ്ഥാനത്ത് എത്തിയ അദ്ദേഹം ആർഎസ്എസ് സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തി. ഹിന്ദു പുതുവർഷമായ ഗൗഡി പദ്വയുടെ ഭാഗമായി ആർഎസ്എസ് സംഘടിപ്പിച്ച പരിപാടികളിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം നാഗ്പൂരിലെ ആസ്ഥാനത്ത് എത്തിയത്.
ഹെഡ്‌ഗേവാറിന്റെ സ്മൃതിമന്ദിരത്തിൽ പുഷ്പാർച്ചന നടത്തിയ പ്രധാനമന്ത്രി ഗോൾവൽക്കറുടെ സ്മാരകവും സന്ദർശിച്ചു. അദ്ദേഹത്തിനൊപ്പം ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ആർഎസ്എസ് മുൻ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി എന്നിവരും സ്മൃതിമന്ദിരം സന്ദർശിച്ചു.
പുഷ്പാർച്ചനയ്ക്ക് ശേഷം പ്രധാനമന്ത്രി സ്മൃതി ഭവനിലെ ഉദ്യോഗസ്ഥരുമായി സംവദിച്ചു. അവർക്കൊപ്പം നിന്ന് ചിത്രം പകർത്തിയ ശേഷമാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. ദീക്ഷ ഭൂമിയിൽ എത്തി അദ്ദേഹം ഡോ. ബി ആർ അംബേദ്കറിന്റെ പ്രതിമയിലും ആദരവ് അർപ്പിച്ചു.
ഉച്ചയ്ക്ക് അദ്ദേഹം മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടും. ഇതിന് ശേഷം ചേരുന്ന ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ഇതിന് ശേഷം സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡിൽ യുഎവികൾക്കായുള്ള ലോയിറ്ററിംഗ് മ്യൂനിഷൻ ടെസ്റ്റിംഗ് റേഞ്ചും റൺവേ സൗകര്യവും ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്.
Discussion about this post