ന്യൂഡൽഹി : ഇന്ത്യൻ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന AFSPA നിയമം മണിപ്പൂരിൽ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രക്ഷോഭബാധിത പ്രദേശങ്ങളിൽ സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ഈ നിയമം.
മണിപ്പൂരിൽ, 13 നിർദ്ദിഷ്ട പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധി ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളിലും നിയമം ബാധകമായിരിക്കും. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി അവലോകനം ചെയ്തതിന് ശേഷമാണ് AFSPA ആറുമാസത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
നാഗാലാൻഡിൽ, ദിമാപൂർ, ന്യൂലാൻഡ്, ചുമൗകെഡിമ, മോൺ, കിഫിരെ, നോക്ലാക്ക്, ഫെക്, പെരെൻ എന്നീ എട്ട് ജില്ലകൾ ആണ് AFSPA യ്ക്ക് കീഴിൽ വരുന്നത്. കൂടാതെ, മറ്റ് അഞ്ച് ജില്ലകളിലെ 21 പോലീസ് സ്റ്റേഷൻ പ്രദേശങ്ങളും അടുത്ത ആറ് മാസത്തേക്ക് ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതായിരിക്കും. അരുണാചൽ പ്രദേശിൽ, തിറാപ്പ്, ചാങ്‌ലാങ്, ലോങ്ഡിംഗ് ജില്ലകളിൽ ആറ് മാസത്തേക്ക് AFSPA നീട്ടി. കൂടാതെ, നംസായ് ജില്ലയിലെ നംസായ്, മഹാദേവ്പൂർ, ചൗഖാം പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിലും ഈ നിയമം നടപ്പിലാക്കും.
Discussion about this post