മുംബൈ : 2029ൽ ആരാകും പ്രധാനമന്ത്രി എന്നുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിൽ ആർഎസ്എസ് കാര്യാലയം സന്ദർശിച്ചതോടെയാണ് റാവത്ത് വിവാദങ്ങൾക്ക് തുടക്കമിട്ടത്. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ നിന്നായിരിക്കും എന്നാണ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ആർഎസ്എസ് നിശ്ചയിക്കുന്ന നേതാവായിരിക്കും അടുത്ത പ്രധാനമന്ത്രിയായി എത്തുക എന്നും ഇദ്ദേഹം സൂചിപ്പിച്ചു.
ഒടുവിൽ സഞ്ജയ് റാവത്തിന് ചുട്ട മറുപടി നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ പിൻഗാമി ആരായിരിക്കും എന്നുള്ള ചർച്ചകളുടെ ആവശ്യമേയില്ല എന്ന് ഫഡ്നാവിസ് വ്യക്തമാക്കി. ഒരാൾ ഏതെങ്കിലും സ്ഥാനത്ത് സജീവമായി തുടരുമ്പോൾ അയാളുടെ പിന്തുടർച്ചക്കാരൻ ആരായിരിക്കും എന്ന് ചർച്ച ചെയ്യുന്നത് ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ല. 2029 ലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നും ദേവേന്ദ്ര ഫഡ്നാവിസ് അഭിപ്രായപ്പെട്ടു.
ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിൻ്റെ ജന്മദിനവും ആർഎസ്എസിന്റെ നൂറാം വാർഷികവും ആഘോഷിക്കുന്ന വേളയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാഗ്പൂർ ആർഎസ്എസ് കാര്യാലയ സന്ദർശനം. ഞായറാഴ്ച നാഗ്പൂരിലെ രേഷിംബാഗിലെ സ്മൃതി മന്ദിറിൽ ഹെഡ്ഗേവാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു മോദിയുടെ നാഗ്പൂർ സന്ദർശനം അദ്ദേഹത്തിന്റെ വിരമിക്കലിന്റെ സൂചനയാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടിരുന്നത്.
Discussion about this post