പത്തനംതിട്ട: കോന്നിയിൽ കിണറ്റിലെ വെള്ളത്തിന് പാൽ നിറം. അതുമമ്പുംകുളത്ത് ആണ് സംഭവം. പ്രദേശവാസിയായ ആനന്ദന്റെ വീട്ടിലെ കിണറ്റിലാണ് വെള്ളത്തിന് വെളുത്ത നിറം കണ്ടത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്.
വൈകീട്ടോടെയായിരുന്നു വെള്ളത്തിന് പാലിന്റെ നിറം കണ്ടുതുടങ്ങിയത്. വൈകീട്ട് വെള്ളം എടുക്കാനായി വീട്ടുകാർ എത്തിയപ്പോഴായിരുന്നു സംഭവം. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. എന്താണ് ഈ പ്രതിഭാസത്തിന് പിന്നിൽ എന്നകാര്യത്തിൽ വ്യക്തതയില്ല. വെള്ളം പൂർണമായി പരിശോധിച്ചാൽ മാത്രമേ കാരണം കണ്ടെത്താൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. അതേസമയം വെള്ളം പാൽനിറം ആയതിൽ വലിയ ആശങ്കയിലാണ് ആനന്ദിന്റെ വീട്ടുകാരും പ്രദേശവാസികളും.












