ഇസ്ലാമാബാദ് : ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം. നോർവീജിയൻ രാഷ്ട്രീയ പാർട്ടിയായ പാർട്ടിയറ്റ് സെൻട്രത്തിന്റെ ഭാഗമായ ഒരു അഭിഭാഷക ഗ്രൂപ്പായ പാകിസ്താൻ വേൾഡ് അലയൻസ് ആണ് ഇമ്രാൻ ഖാനെ നാമനിർദേശം ചെയ്തിരിക്കുന്നത്. മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇമ്രാൻഖാൻ ജയിലിൽ കഴിയുന്നത് എന്നാണ് സംഘടന അവകാശപ്പെടുന്നത്.
കഴിഞ്ഞ ഡിസംബറിൽ സ്ഥാപിതമായ സംഘടനയാണ് പാകിസ്താൻ വേൾഡ് അലയൻസ്. 2019 ലും ദക്ഷിണേഷ്യയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ പേരിൽ ഇമ്രാൻഖാനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്തിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ളവരുടെ നാമനിർദ്ദേശങ്ങൾ ലഭിച്ചതിനുശേഷം എട്ടുമാസം നീണ്ട പ്രക്രിയയിലൂടെ ആയിരിക്കും നോർവീജിയൻ നോബൽ കമ്മിറ്റി പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക.
പാകിസ്താനിലെ പ്രധാന പ്രതിപക്ഷമായ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിയുടെ സ്ഥാപകൻ ആയ ഇമ്രാൻ ഖാൻ മുൻ ക്രിക്കറ്റ് താരം കൂടിയാണ്. അധികാര ദുർവിനിയോഗവും അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് പാകിസ്താൻ കോടതി ഇമ്രാൻ ഖാന് 14 വർഷം തടവ് ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ ജയിലിലാണ്.
Discussion about this post