ന്യൂഡൽഹി; ഇന്ത്യയിൽ ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ ഇന്ത്യ യുഎസ് സംയുക്ത പദ്ധതി. ഇന്ത്യയുമായി ചേർന്ന് ആണവ റിയാക്ടറുകളുടെ സംയുക്ത രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനും യുഎസ് ഊർജ്ജ വകുപ്പ് അംഗീകാരം നൽകി. രണ്ട് പതിറ്റാണ്ട് മുമ്പ് ഒപ്പുവച്ച ഇന്ത്യ-യുഎസ് സിവിൽ ആണവ കരാറിൻറെ ഭാഗമായാണ് നടപടി. ഇന്ത്യയിൽ ആണവ നിലയങ്ങൾ സംയുക്തമായി രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും യുഎസ് കമ്പനിക്ക് യുഎസിന്റെ ഊർജ്ജ വകുപ്പ് അന്തിമ അനുമതി നൽകി.
2007-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗും അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷും ചേർന്നാണ് ഇന്ത്യ-യുഎസ് സിവിൽ ആണവ കരാർ ഒപ്പുവെച്ചത്. എങ്കിലും പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പച്ചക്കൊടി ലഭിക്കുന്നതിന് ഏകദേശം 20 വർഷത്തെ വിശദമായ ചർച്ചകൾ, നിയമപരവും നിയന്ത്രണപരവുമായ അനുമതികൾ, സാങ്കേതിക അനുമതികൾ, കരാർ വ്യവസ്ഥകൾ, ബ്ലൂപ്രിന്റുകളുടെ സൂക്ഷ്മപരിശോധന എന്നിവയിലൂടെയാണ് ഇത് സാധ്യമായത്.
ഇതുവരെ, ഇന്ത്യ-യുഎസ് സിവിൽ ആണവ കരാർ പ്രകാരം, യുഎസ് കമ്പനികൾക്ക് ഇന്ത്യയിലേക്ക് ആണവ റിയാക്ടറുകളും ഉപകരണങ്ങളും കയറ്റുമതി ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ആണവ ഉപകരണങ്ങളുടെ ഡിസൈൻ ജോലികളോ, നിർമ്മാണമോ ചെയ്യാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ പദ്ധതി പ്രകാരം ഡിസൈൻ നിർമ്മാണവും, സാങ്കേതികവിദ്യ കൈമാറ്റവും ഉൾപ്പെടെയുള്ള നിർണ്ണായക ജോലികൾ ഇന്ത്യയിൽ തന്നെ ചെയ്യണമെന്ന വ്യവസ്ഥയിൽ കേന്ദ്രസർക്കാർ ഉറച്ചുനിന്നു.
ഇന്ത്യ മുൻപോട്ടുവെച്ച നിബന്ധനകൾ യുഎസ് അംഗീകരിക്കുകയായിരുന്നു . യുഎസും ഇന്ത്യൻ സ്ഥാപനങ്ങളും സംയുക്തമായി ചെറുകിട മോഡുലാർ റിയാക്ടറുകൾ അല്ലെങ്കിൽ എസ്എംആറുകൾ നിർമ്മിക്കുകയും അതിന്റെ എല്ലാ ഘടകങ്ങളും ഭാഗങ്ങളും ഒരുമിച്ച് നിർമ്മിക്കുകയും ചെയ്യും. ഇത് ഇന്ത്യൻ നയതന്ത്രത്തിൻറെ വൻ വിജയമായാണ് കണക്കാക്കുന്നത്. 2025 മാർച്ച് 26 ന് ആണ് പുതിയ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചത്.
സംയുക്തമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആണവ നിലയങ്ങൾ “യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റിന്റെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇന്ത്യയിലോ അമേരിക്ക ഒഴികെയുള്ള മറ്റ് രാജ്യങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിനോ അന്തിമ ഉപയോക്താവിനോ കൈമാറ്റം ചെയ്യില്ല.” എന്നതാണ് യുഎസ് മുന്നോട്ട് വെച്ച പ്രധാന നിബന്ധന .
നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അംഗീകാരം നൽകാനുള്ള ഹോൾടെക് ഇന്റർനാഷണലിന്റെ നിർദ്ദേശത്തിന് ഊർജ്ജ വകുപ്പ് അംഗീകാരം നൽകിയതോടെ, ഇന്ത്യയിൽ സിവിൽ ആണവോർജ്ജത്തിനുള്ള വാണിജ്യ സാധ്യതകൾ വർദ്ധിക്കുകയാണെന്ന് യുഎസ് സർക്കാർ പറഞ്ഞു.
1954 ലെ യുഎസ് ആണവോർജ്ജ നിയമത്തിന്റെ കോഡ് ഓഫ് ഫെഡറൽ റെഗുലേഷൻസിന്റെ 10-ാം തലക്കെട്ടിന്റെ 810-ാം ഭാഗമാണ് 10CFR810 – നിയന്ത്രണത്തിനാണ് അംഗീകാരം ലഭിച്ചത് . ” ആണവ സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനും യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിലോ വിദേശത്തോ ഉള്ള വിദേശ ആണവോർജ്ജ പ്രവർത്തനങ്ങൾക്ക് സഹായത്തിനും അംഗീകാരം നൽകുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്വുമായി” ബന്ധപ്പെട്ടതാണ് ഈ വ്യവസ്ഥ.
Discussion about this post