ന്യൂസിലൻഡിനെതിരായ ആവേശകരമായ ഒന്നാം ടി20 മത്സരത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് തന്റെ ബാറ്റിംഗിനെക്കുറിച്ചും ടീമിന്റെ സാഹചര്യത്തെക്കുറിച്ചും ചില കാര്യങ്ങൾ സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു കാലമായി വലിയ സ്കോറുകൾ കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന സൂര്യകുമാർ യാദവ്, നിർണ്ണായക ഘട്ടത്തിൽ തകർപ്പൻ ബാറ്റിംഗിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. നാഗ്പൂരിൽ നടന്ന മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്ത്യൻ ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
“ബാറ്റിംഗിന് ഇറങ്ങിയപ്പോൾ എനിക്ക് വലിയ ആത്മവിശ്വാസം തോന്നിയിരുന്നു. ക്രീസിലെത്താൻ ഏറ്റവും അനുയോജ്യമായ സമയമായിരുന്നു അത്. സമ്മർദ്ദഘട്ടങ്ങളിൽ ബാറ്റ് ചെയ്യാൻ എനിക്കിഷ്ടമാണ്. നേരത്തെ പറഞ്ഞതുപോലെ തന്നെ, നെറ്റ്സിൽ ഞാൻ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഏതാനും പന്തുകൾ നേരിട്ടാൽ എനിക്ക് താളം കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പായിരുന്നു. എന്റെ ബാറ്റിംഗ് ശൈലിയിൽ വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, എന്റെ വ്യക്തിത്വം മാറ്റാൻ ഞാൻ തയ്യാറല്ല.”
സഞ്ജു സാംസണും ഇഷാൻ കിഷനും വേഗത്തിൽ പുറത്തായപ്പോൾ, അഭിഷേക് ശർമ്മയ്ക്കൊപ്പം ചേർന്ന് ടീമിനെ കരകയറ്റിയത് സൂര്യകുമാറിന്റെ പക്വതയാർന്ന ഇന്നിങ്സാണ്. തന്റെ ശൈലിയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. 2026 ടി20 ലോകകപ്പിന് മുന്നോടിയായി സൂര്യകുമാർ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീം ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്.











Discussion about this post