തിരുവനന്തപുരം : കേന്ദ്രസർക്കാർ ആശ വർക്കർമാരുടെ ഇൻസെന്റീവ് വർദ്ധിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാനുള്ള ശ്രമമാണ് കേരള ആരോഗ്യമന്ത്രി വീണ ജോർജ് നടത്തുന്നത് എന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വീണ ജോർജ് എന്തോ സമ്മർദ്ദം ചെലുത്തിയിട്ടാണ് കേന്ദ്രസർക്കാർ ഇൻസെന്റീവ് കൂട്ടിയത് എന്ന മട്ടിലാണ് പ്രതികരണം. ഇൻസെന്റീവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാന ആരോഗ്യ മന്ത്രിയുടെ ഇത്തരം വാദങ്ങൾ എട്ടുകാലി മമ്മൂഞ്ഞ് ചമയലാണ് എന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ ചെയ്യേണ്ടത് ആശമാർക്കുള്ള ഓണറേറിയം വർധിപ്പിക്കലാണ് എന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഓണറേറിയം വർദ്ധിപ്പിക്കുക എന്നുള്ളത് സംസ്ഥാനത്തിന്റെ കടമയാണ്. അതിന് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തേണ്ട ആവശ്യമൊന്നുമില്ല. എന്നാൽ അത് ചെയ്യാതെ കേന്ദ്രം വർദ്ധിപ്പിച്ച ഇൻസെന്റീവിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ് എന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംസ്ഥാനം തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. ഒടുവിൽ എല്ലാം കേന്ദ്രത്തിന്റെ തലയിൽ ഇടും. കേന്ദ്രസർക്കാർ ആശാവർക്കർമാർക്കുള്ള ഇൻസെന്റീവ് വർദ്ധിപ്പിച്ചതിന്റെ ആനുപാതികമായി സംസ്ഥാന സർക്കാരും ഇൻസെന്റീവ് വർദ്ധിപ്പിക്കും എന്നാണ് ഇപ്പോൾ ആരോഗ്യമന്ത്രി വീണ ജോർജ് പറയുന്നത്. ആശാവർക്കർമാരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് ഇതെന്നും ശോഭ സുരേന്ദ്രൻ വിമർശിച്ചു.
Discussion about this post