ബംഗളൂരു : കർണാടകയിൽ ഡീസലിന് വില വർധിക്കും. സർക്കാർ വിൽപ്പന നികുതി ഉയർത്തിയതോടെ ആണ് ഡീസൽ വിലയിൽ വർദ്ധനവുണ്ടായിട്ടുള്ളത്. കർണാടക സർക്കാർ ഡീസലിന്റെ വിൽപ്പന നികുതി 3 ശതമാനം ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഡീസൽ ലിറ്ററിന് രണ്ട് രൂപ നിരക്കിലാണ് വില വർദ്ധനവ് ഉണ്ടാവുക. നേരത്തെ പാലിനും വൈദ്യുതിക്കും ഇതേ രീതിയിൽ വിലവർദ്ധനവ് ഉണ്ടായിരുന്നു.
ഡീസലിന്റെ വില്പന നികുതി 18.4 ശതമാനത്തിൽ നിന്ന് 21.17 ശതമാനമായി ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം ചൊവ്വാഴ്ച ആണ് സിദ്ധരാമയ്യ സർക്കാർ പുറത്തിറക്കിയത്. 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ കർണാടകയിൽ ഡീസൽ വില ലിറ്ററിന് 91.02 രൂപയായി ഉയരും.
കഴിഞ്ഞവർഷം ജൂണിലും കർണാടകയിൽ പെട്രോൾ, ഡീസൽ ഉൽപ്പന്നങ്ങൾക്ക് വില വർധിച്ചിരുന്നു. 2024 ജൂണിൽ സർക്കാർ പെട്രോളിന്റെ വിൽപ്പന നികുതി 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായും ഡീസലിന്റേത് 14.3 ശതമാനത്തിൽ നിന്ന് 18.4 ശതമാനമായും ഉയർത്തിയതാണ് വലിയ വില വർദ്ധനവിലേക്ക് നയിച്ചത്. ഇതിന്റെ ഫലമായി കഴിഞ്ഞവർഷം മാത്രം കർണാടകയിൽ പെട്രോളിന് ലിറ്ററിന് 3 രൂപയും ഡീസലിന് 3.02 രൂപയും വില വർദ്ധിച്ചിരുന്നു.
തുടർച്ചയായ വിലവർദ്ധനവിന്റെ പേരിൽ കർണാടക സർക്കാർ കടുത്ത വിമർശനങ്ങളാണ് ജനങ്ങൾക്കിടയിൽ നിന്നും നേരിടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം ബസ് ചാർജിൽ 15 ശതമാനം വർദ്ധനവ്, മെട്രോ ചാർജിൽ 71 ശതമാനം വരെ വർദ്ധനവ്, പാൽ വിലയിൽ ലിറ്ററിന് 4 രൂപ വർദ്ധനവ്, വൈദ്യുതി നിരക്കിൽ വർദ്ധനവ് എന്നിങ്ങനെ വിവിധ മേഖലകളിൽ സർക്കാർ വിലവർധനവ് വരുത്തിയിരുന്നു. കൂടാതെ, സ്ഥിര വൈദ്യുതി ചാർജുകൾ 2025-26 ൽ 25 രൂപയും 2026-27 ൽ 30 രൂപയും 2027-28 ൽ 40 രൂപയും വർദ്ധിക്കുമെന്നും കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post