ന്യൂഡൽഹി : കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബിൽ 2025മായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ലോക്സഭയിൽ പുരോഗമിക്കുകയാണ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് ചർച്ചയ്ക്കും പാസാക്കലിനും വേണ്ടി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. സ്പീക്കർ ഓം ബിർള അധ്യക്ഷനായ ലോക്‌സഭയുടെ ബിസിനസ് ഉപദേശക സമിതി എട്ട് മണിക്കൂർ സമയമാണ് വഖഫ് ബിൽ ചർച്ചയ്ക്കായി നൽകിയിട്ടുള്ളത്.
വഖഫ് ബില്ലിന്റെ പേര് ഇന്റഗ്രേറ്റഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് (UMEED) എന്ന് പുനർനാമകരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. വഖഫ് ബിൽ ഏതെങ്കിലും മതവ്യവസ്ഥയിലോ, ഏതെങ്കിലും മതസ്ഥാപനത്തിലോ, ഏതെങ്കിലും മതപരമായ ആചാരത്തിലോ ഒരു തരത്തിലും ഇടപെടുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സ്വത്തുക്കളുടെയും ആസ്തികളുടെയും മാനേജ്മെന്റ് മാത്രമാണ് ബിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
വഖഫ് ഭേദഗതി ബിൽ മതപരമായ വിഷയമാക്കി മാറ്റി പ്രതിപക്ഷം അനാവശ്യമായ ഭീതി മുസ്ലിം ജനവിഭാഗത്തിനിടയിൽ സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. വഖഫ് ബോർഡിന്റെ കൈവശം കോടിക്കണക്കിന് ഭൂമിയുടെ സ്വത്തുക്കൾ ഉണ്ടെങ്കിലും ഒരിക്കലും അവർ അത് പാവപ്പെട്ട മുസ്ലിങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ദരിദ്രരായ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മോദി സർക്കാരിനെ ഇപ്പോൾ അവർ കുറ്റപ്പെടുത്തുകയാണ് എന്നും കിരൺ റിജിജു പാർലമെന്റിൽ അറിയിച്ചു.
ജെപിസിയുടെ നിരവധി ശുപാർശകൾ ഉൾപ്പെടുത്തി കൊണ്ടാണ് വഖഫ് ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇനി വഖഫ് ബോർഡിൽ ഷിയ, സുന്നി, ബോറ, പിന്നാക്ക മുസ്ലീങ്ങൾ, സ്ത്രീകൾ, വിദഗ്ദ്ധരായ അമുസ്ലിംകൾ എന്നിവരും ഉണ്ടാകും എന്ന് ന്യൂനപക്ഷകാര്യ മന്ത്രി ലോക്സഭയെ അറിയിച്ചു. കൗൺസിലിൽ പരമാവധി 4 അമുസ്ലിം അംഗങ്ങൾ മാത്രമേ ഉണ്ടാകൂ, അതിൽ 2 പേർ സ്ത്രീകളായിരിക്കണം എന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ ഏതൊരാൾക്കും വഖഫ് സൃഷ്ടിക്കാൻ കഴിയുമെന്ന വ്യവസ്ഥ മാറ്റി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇസ്ലാം ആചരിക്കുന്ന ഒരാൾക്ക് മാത്രമേ വഖഫ് സൃഷ്ടിക്കാൻ കഴിയൂ എന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post