ബെംഗളൂരു : വൈദ്യുതിക്കും പാലിനും ഡീസലിനും പിന്നാലെ വെള്ളത്തിനും വില കൂട്ടാൻ ഒരുങ്ങി കർണാടക സർക്കാർ. ബെംഗളൂരു നഗരത്തിൽ ഉടൻതന്നെ വെള്ളത്തിന് വില വർദ്ധനവ് ഉണ്ടാകുമെന്നാണ് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇന്ന് വ്യക്തമാക്കിയത്. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് ഈ വിലവർധനവ് നടപ്പിലാക്കുന്നതോടെ ബെംഗളൂരു നഗരവാസികൾ കനത്ത പ്രതിസന്ധി ആയിരിക്കും നേരിടേണ്ടിവരിക.
കഴിഞ്ഞ ദിവസങ്ങളിലായി കർണാടക സർക്കാർ വൈദ്യുതി, പാൽ, ഡീസൽ എന്നിവയ്ക്ക് വില വർധിപ്പിച്ചിരുന്നു. വിലക്കയറ്റത്തിനെതിരായ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് കർണാടകയിൽ നടക്കുന്നത്. വെള്ളത്തിനും വില വർദ്ധിപ്പിച്ച സാഹചര്യത്തിൽ രാപ്പകൽ സമരം ആരംഭിക്കുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ബിജെപിയുടെ വാദങ്ങൾ കർഷക വിരുദ്ധമാണെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. പാലിന് വില വർദ്ധിപ്പിച്ചത് കർഷകരുടെ നന്മയെ കരുതിയാണെന്ന് ഡി കെ ശിവകുമാർ ഇന്ന് നിയമസഭയിൽ അഭിപ്രായപ്പെട്ടു. കാലിത്തീറ്റയുടെയും പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രസർക്കാർ കുറയ്ക്കുകയാണെങ്കിൽ കർണാടകയിൽ പാൽ വില കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കാം എന്നും ഡി കെ ശിവകുമാർ നിയമസഭയിൽ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പുറമേ ബസ്, മെട്രോ നിരക്കുകളും കർണാടക സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.
Discussion about this post