കൊച്ചി: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനമാലപിക്കൽ വിഷയത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പോലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. ക്ഷേത്രങ്ങൾ ഇതിനുള്ള സ്ഥലമല്ലെന്നും കോടതി ആവർത്തിച്ചു.
സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ക്ഷേത്രഭരണ സമിതി പ്രസിഡന്റാകാൻ 19 കേസുള്ള ആൾ നൽകിയ അപേക്ഷ ബോർഡ് എങ്ങനെ പരിഗണിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗാനമേളയ്ക്ക് എത്ര തുക ചെലവഴിച്ചുവെന്ന് ചോദിച്ച കോടതി എങ്ങനെയാണ് പിരിച്ചത് എന്ന് അറിയിക്കണമെന്നും നിർദേശിച്ചു. ഗാനമേളയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ കോടതി വീണ്ടും പരിശോധിച്ചു.
കടയ്ക്കൽ ക്ഷേത്രോത്സവത്തിൽ കഴിഞ്ഞ മാസം പത്തിനാണ് ഗായകൻ അലോഷിയുടെ ഗാനമേളയിൽ വിപ്ലവ ഗാനങ്ങളായ പുഷ്പനെ അറിയാമോ, 100 പൂക്കളെ എന്നീ പാട്ടുകളടക്കം പാടിയത്. സ്റ്റേജിലെ എൽഇഡി സ്‌ക്രീനിൽ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഎമ്മിൻറെ അടയാളവും പാട്ടിനൊടൊപ്പം പ്രദർശിപ്പിച്ചിരുന്നു.
Discussion about this post