മുംബൈ : ഭാരതം കണ്ട ഏറ്റവും ധീരനായ ചക്രവർത്തി മറാത്ത യോദ്ധാവ് ഛത്രപതി ശിവാജി മഹാരാജിന്റെ ചരമവാർഷികമാണ് ഏപ്രിൽ 3. ഛത്രപതി ശിവാജിയുടെ സ്മരണാർത്ഥം നാഗ്പൂരിൽ നടന്ന ചടങ്ങിൽ ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവത് ‘യുഗന്ധർ ശിവരായ്’ എന്ന പുസ്തകം പുറത്തിറക്കി. ഭാരതത്തിന് നേരെ കാലങ്ങളായി അരങ്ങേറിയിരുന്ന വൈദേശിക ആക്രമണങ്ങളുടെ പരമ്പര അവസാനിപ്പിച്ചത് ശിവാജി മഹാരാജ് ആയിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരാണികയുഗത്തിന്റെ ആദർശ പുരുഷനായി അറിയപ്പെടുന്നത് ഹനുമാൻ ആണ്. അതേസമയം ആധുനികയുഗത്തിന്റെ ആദർശപുരുഷൻ ആണ് ചത്രപതി ശിവാജി മഹാരാജ്. തന്റെ ധീരത കൊണ്ട് പതിനേഴാം വയസ്സിൽ മറാത്ത സാമ്രാജ്യം സ്ഥാപിച്ച വ്യക്തിയാണ് അദ്ദേഹം. ഭാരതത്തിന്റെ തുടർച്ചയായ തോൽവികളുടെ കാലഘട്ടം അദ്ദേഹം മാറ്റിമറിച്ചു, മുന്നോട്ടുള്ള വഴി കാണിച്ചു. മുഗൾ അധിനിവേശം ഉൾപ്പെടെ രാജ്യത്തുണ്ടായ അധിനിവേശ ചക്രം തടഞ്ഞതിനാലാണ് ശിവാജി മഹാരാജിനെ ‘യുഗ്പുരുഷൻ’ എന്ന് വിളിക്കുന്നതെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
ശിവാജി മഹാരാജിന്റെ പ്രചോദനം ഇന്നും പ്രസക്തമാണ്. രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ മഹാന്മാരായ വ്യക്തികളും ശിവാജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. ശിവാജി മഹാരാജ് ഒരു മികച്ച യോദ്ധാവ് മാത്രമല്ല, അദ്ദേഹം ഒരു കഴിവുള്ള ഭരണാധികാരിയും തന്ത്രജ്ഞനും പൊതു നേതാവുമായിരുന്നു. അദ്ദേഹത്തിന്റെ ധൈര്യവും, ജ്ഞാനവും, നേതൃത്വപാടവവും അദ്ദേഹത്തെ ഇന്ത്യൻ ചരിത്രത്തിൽ അനശ്വരനാക്കി. അദ്ദേഹത്തിന്റെ നയങ്ങളും പോരാട്ടങ്ങളും വരും തലമുറകൾക്ക് പ്രചോദനമാണ് എന്നും സർസംഘചാലക് അഭിപ്രായപ്പെട്ടു.
Discussion about this post