ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി തായ്‌ലൻഡിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി തായ് സർക്കാർ. ബാങ്കോക്കിൽ വിമാനമിറങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിയെ തായ്‌ലൻഡ് ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ സൂര്യ ജംഗ്രുങ്‌ഗ്രിയാങ്‌കിറ്റ് സ്വീകരിച്ചു. തുടർന്ന് ഗവൺമെന്റ് ഹൗസിൽ, തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാർൺ ഷിനവത്ര അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിച്ചു.
പ്രധാനമന്ത്രി മോദിയുടെയും തായ്‌ലൻഡ് പ്രധാനമന്ത്രി ഷിനവത്രയുടെയും സാന്നിധ്യത്തിൽ ഇന്ത്യയും തായ്‌ലൻഡും നിരവധി ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിലും ഇന്തോ-പസഫിക് കാഴ്ചപ്പാടിലും തായ്‌ലൻഡിന് പ്രത്യേക സ്ഥാനമുണ്ടെന്ന് നരേന്ദ്ര മോദി തായ് പ്രധാനമന്ത്രിയെ അറിയിച്ചു. നരേന്ദ്രമോദിയോടുള്ള ബഹുമാനാർത്ഥം തായ്‌ലൻഡ് ജനതയുടെ സംസ്കാരത്തിലെ ഏറ്റവും മൂല്യവത്തായ സമ്മാനമായ ‘ദി വേൾഡ് ടിപിടക’ ആണ് തായ്‌ലൻഡ് സർക്കാർ അദ്ദേഹത്തിന് നൽകിയത്.
ബുദ്ധമതത്തിലെ ഏറ്റവും പവിത്രമായ ഗ്രന്ഥങ്ങളിൽ ഒന്നാണ് ‘ദി വേൾഡ് ടിപിടക: സജ്ജയ ഫൊണറ്റിക് എഡിഷൻ’. ശ്രീബുദ്ധന്റെ പഠിപ്പിക്കലുകളുടെ സമാഹരണമാണ് 108 വാല്യങ്ങളുള്ള ഈ ഗ്രന്ഥം. പാലിയിൽ ടിപിടക എന്നും സംസ്കൃതത്തിൽ ത്രിപിടക എന്നുമാണ് ഈ വിശുദ്ധ ഗ്രന്ഥം അറിയപ്പെടുന്നത്. 2016 ൽ ആണ് രാമ ഒൻപതാമൻ രാജാവിന്റെയും രാജ്ഞി സിരികിത്തിന്റെയും 70 വർഷത്തെ ഭരണത്തിന്റെ സ്മരണയ്ക്കായി തായ് സർക്കാർ വേൾഡ് ടിപിടക പദ്ധതിയുടെ ഭാഗമായി ഈ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചത്.
ബുദ്ധ ഭൂമിയായ ഇന്ത്യയുടെ പേരിൽ കൂപ്പുകൈകളോടെ ഈ വിശിഷ്ട സമ്മാനം ഏറ്റുവാങ്ങുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള ആഴത്തിലുള്ള ആത്മീയ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഇത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് അയച്ച ബുദ്ധന്റെ പുണ്യാവശിഷ്ടങ്ങൾ ദർശിക്കാൻ തായ്‌ലൻഡിലെ നാല് ദശലക്ഷത്തിലധികം ഭക്തർക്ക് അവസരം ലഭിച്ചുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 1960 ൽ ഗുജറാത്തിലെ ആരവല്ലി മേഖലയിൽ നിന്ന് കണ്ടെത്തിയ പുണ്യാവശിഷ്ടങ്ങൾ പൊതുജനങ്ങൾക്കായി തായ്‌ലൻഡിലേക്ക് അയയ്ക്കുമെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
Discussion about this post