ന്യൂഡൽഹി : പാർലമെന്റിന്റെ അന്തസ്സിന് നിരക്കാത്ത പദപ്രയോഗം നടത്തിയതിന്റെ പേരിലുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ മാപ്പ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ഖാർഗെ നടത്തിയ പരാമർശമാണ് ബഹളത്തിനിടയാക്കിയത്. ഖാർഗെയുടെ വാക്കുകളെ സഭാനേതാവ് ജെ പി നദ്ദ അപലപിച്ചു.
ഡീലിമിറ്റേഷനെയും എൻഇപിയെയും എതിർത്ത് കറുത്ത വസ്ത്രം ധരിച്ചെത്തിയ ഡിഎംകെ എംപിമാർ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ബഹളത്തിനിടയിലാണ് ഖാർഗെ ഈ വിഷയത്തിൽ ഇടപെട്ടത്. ഖാർഗെയ്ക്ക് രാവിലെയാണ് സംസാരിക്കാൻ അനുവാദമുള്ളതെന്ന് അധ്യക്ഷൻ അറിയിക്കുകയായിരുന്നു. ഇത് സ്വേച്ഛാധിപത്യമാണെന്നും പ്രതിപക്ഷം സർക്കാരിനെ ഒരു മൂലയ്ക്ക് വച്ച് പിടിക്കും എന്നും ഈ സമയം ഖാർഗെ പറഞ്ഞു.
പ്രതിപക്ഷം സർക്കാരിനെതിരെ “തിരിച്ചടിക്കും” എന്ന് അർത്ഥമാക്കാൻ ഖാർഗെ ഹിന്ദിയിൽ ഒരു അപമാനകരമായ പ്രയോഗം ആണ് സഭയിൽ പറഞ്ഞത്. ഇത് ട്രഷറി ബെഞ്ചുകളിൽ ബഹളത്തിന് കാരണമാവുകയായിരുന്നു. അൺപാർലമെന്ററി പദപ്രയോഗം ആണ് മല്ലികാർജുൻ ഖാർഗെ നടത്തിയതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് ഉപയോഗിച്ച പ്രയോഗം അപലപനീയമാണെന്ന് സഭാ നേതാവ് ജെ പി നദ്ദയും അഭിപ്രായപ്പെട്ടു. തുടർന്നാണ് തന്നെ പരാമർശത്തിൽ മാപ്പ് പറയുന്നതായി ഖാർഗെ അറിയിച്ചത്.
Discussion about this post