ന്യൂഡൽഹി; വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി. 95 നെതിരെ 128 വോട്ടുകൾ നേടിയാണ് ബിൽ രാജ്യസഭയും കടന്നത്. ബില്ലിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയാണ് രാജ്യസഭയിലും നടന്നത്. ലോകസഭയ്ക്ക് സമാനമായി തന്നെ രാജ്യസഭയിലും അർദ്ധരാത്രിവരെ ചർച്ചകൾ നീണ്ടു.
ബിൽ പരിഗണിക്കുന്നതിനുള്ള പ്രമേയം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇരു സഭകളിലു ബിൽ പാസായതോടെ അന്തിമ അംഗീകാരത്തിനായി രാഷ്ട്രപതി ബില്ലിൽ ഒപ്പുവെയ്ക്കും. ഇതോടെ വഖഫ് ഭേദഗതി നിയമം നിലവിൽ വരും. രാജ്യസഭയിൽ 128 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 95 അംഗങ്ങൾ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ച നിയമനിർമ്മാണം പരിശോധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പെടുത്തിയ ശേഷമാണ് സർക്കാർ പുതുക്കിയ ബിൽ അവതരിപ്പിച്ചത്. 1995 ലെ നിയമം ഭേദഗതി ചെയ്യാനും ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്‌മെന്റും മെച്ചപ്പെടുത്താനും ബിൽ ലക്ഷ്യമിടുന്നു.
മുൻ നിയമത്തിലെ പോരായ്മകൾ മറികടക്കുക, വഖഫ് ബോർഡുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, രജിസ്ട്രേഷൻ പ്രക്രിയ മെച്ചപ്പെടുത്തുക, വഖഫ് രേഖകൾ കൈകാര്യം ചെയ്യുന്നതിൽ സാങ്കേതിക വിദ്യയുടെ പങ്ക് വർദ്ധിപ്പിക്കുക എന്നിവയാണ് ഭേദഗതിയുടെ ലക്ഷ്യം
Discussion about this post