ന്യൂഡൽഹി: ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും വഖഫ് ഭേദഗതി ബിൽ പാസാക്കി. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 95 പേർ എതിർത്തു. 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഇന്ന് പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് നടന്നത്. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രം മതി.
വഖഫ് ബോർഡിൽ മുസ്ലീം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിർദേശിച്ച ഭേദഗതി വോട്ടിനിട്ട് തള്ളി. കേരളത്തിൽ നിന്നുള്ള എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ, ഹാരിസ് ബീരാൻ, അബ്ദുൽ വഹാബ്, പി സന്തോഷ് കുമാർ, പി പി സുനീർ തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി.
വഖഫ് ബിൽ പാസാക്കിയതിന് പിന്നാലെ മുനമ്പത്ത് ഉൾപ്പെടെ ജനം ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയും ആഹ്ലാദപ്രകടനം നടത്തിയ സമരക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചു. നിയമഭേദഗതിയെ എതിർത്ത കേരളത്തിലെ എംപിമാരെ സമരക്കാർ വിമർശിച്ചപ്പോൾ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ചു.
Discussion about this post