ന്യൂഡൽഹി; ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിൻറെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെ ആണ് ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
“ജനാധിപത്യപരവും, സ്ഥിരതയുള്ളതും, സമാധാനപരവും, പുരോഗമനപരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. ബംഗ്ലാദേശുമായി ക്രിയാത്മകമായബന്ധം സ്ഥാപിക്കാൻ ഇന്ത്യക്ക് എക്കാലത്തും ആഗ്രഹമുണ്ടായിരിക്കും. സമൂഹത്തെ മലിനമാക്കുന്ന ഏതൊരു പ്രസ്താവനയും ഒഴിവാക്കുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു,” വിദേശകാര്യ മന്ത്രാലയമാണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ അറിയിച്ചത്.
“അതിർത്തി സുരക്ഷ നിലനിർത്തുന്നതിന് അതിർത്തിയിൽ നിയമം കർശനമായി നടപ്പിലാക്കും. അനധികൃതമായി അതിർത്തി ലംഘിച്ചാൽ തടയും. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി അടിവരയിട്ടു,” വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പഴയ സഖ്യകക്ഷിയായിരുന്ന ഷെയ്ഖ് ഹസീന വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെടുകയും ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും ചെയ്തതിനെത്തുടർന്ന് 2024 ഓഗസ്റ്റിൽ യൂനുസ് ബംഗ്ലാദേശിന്റെ അധികാരമേറ്റെടുക്കുകയായിരുന്നു .













Discussion about this post