വെല്ലിംഗ്‌ടൺ : ന്യൂസ്‌ലൻഡിനെതിരെ നടന്ന ഏകദിന പരമ്പരയിൽ 3-0 ന് ദയനീയ തോൽവി എറ്റുവാങ്ങി പാകിസ്താൻ. മൂന്നാം ഏകദിനത്തിൽ 43 റൺസിനാണ് പാകിസ്താൻ പരാജയപ്പെട്ടത്. തോൽവിക്ക് ശേഷം ഗ്യാലറിയിലെ കാണികളുമായി പാക് താരം കുഷ്ദിൽ ഷാ അടിയുണ്ടാക്കാൻ ശ്രമിച്ചത് പാകിസ്താന് നാണക്കേടായി.
ബൗണ്ടറി വരയ്ക്ക് അടുത്ത് നിന്ന് കാണികൾ കുഷ്ദിൽ ഷായെ പരിഹസിച്ചതോടെയാണ് സംഭവത്തിന് തുടക്കം. കാണികളുമായി വാക്കു തർക്കത്തിലേർപ്പെട്ട കുഷ്ദിൽ ഷാ തർക്കം മൂത്തതോടെ ബൗണ്ടറി വര കടന്ന് ചാടിച്ചവിട്ടാൻ ശ്രമിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ഷായെ പിന്തിരിപ്പിച്ചത്.
അഫ്ഗാനികളായ കാണികൾ പഷ്തൂൺ ഭാഷയിൽ പാകിസ്താനെ അപമാനിച്ചെന്നാണ് പാക് ക്രിക്കറ്റ് ബോർഡ് അവകാശപ്പെടുന്നത്. പാകിസ്താനെ മോശമാക്കി പറഞ്ഞതോടെയാണ് കുഷ്ദിൽ ഷാ പ്രതികരിച്ചതെന്നും പിസിബി വ്യക്തമാക്കി. കാണികളുടെ മോശം പെരുമാറ്റത്തെ തുടർന്ന് പരാതി നൽകിയിട്ടുണ്ടെന്നും പിസിബി കൂട്ടിച്ചേർത്തു.
മൂന്നാം ഏകദിനത്തിൽ 43 റൺസിനാണ് പാകിസ്താൻ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസ്‌ലൻഡ് 42 ഓവറിൽ 8 വിക്കറ്റിന് 264 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 40 ഓവറിൽ 221 റൺസെടുത്ത് എല്ലാവരും പുറത്തായി.
Discussion about this post