റായ്പൂർ : ഛത്തീസ്ഗഡിലെ നക്സൽ ബാധിത പ്രദേശമായ ദന്തേവാഡയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തി. അടുത്ത മാർച്ചോടെ രാജ്യത്തെ മുഴുവൻ ചുവപ്പ് ഭീകരതയിൽ നിന്നും മോചിപ്പിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ഭീകരരെ കൊല്ലണമെന്ന് ആർക്കും ഒരു ആഗ്രഹവുമില്ല, അതിനാൽ എല്ലാവരും ആയുധം വെച്ച് കീഴടങ്ങണമെന്ന് അമിത് ഷാ അവസാന മുന്നറിയിപ്പ് നൽകി.
സ്ഥിരമായി ബോംബ് സ്ഫോടനങ്ങളും വെടിവെപ്പും നടന്നിരുന്ന ദന്തേവാഡയിൽ ഇപ്പോൾ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. ഈ പ്രദേശത്തിന് ഇനി വേണ്ടത് വികസനമാണ്. അതിനാൽ തന്നെ എല്ലാ കമ്മ്യൂണിസ്റ്റ് ഭീകരരും ആയുധം വെച്ച് കീഴടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.
ഓരോ ഗ്രാമത്തിലെയും ജനങ്ങൾ കമ്മ്യൂണിസ്റ്റ് ഭീകരരഹിത ഇന്ത്യക്കായി കൈകോർക്കണം. അവസാന കമ്യൂണിസ്റ്റ് ഭീകരൻ പോലും കീഴടങ്ങിക്കഴിഞ്ഞാൽ ആ ഗ്രാമത്തെ നക്സൽ രഹിതമായി പ്രഖ്യാപിക്കും. തുടർന്ന് അത്തരം ഗ്രാമങ്ങൾക്ക് വികസന ഫണ്ടായി ഒരു കോടി രൂപ നൽകും. ഛത്തീസ്ഗഡ് സർക്കാരിന്റെ എല്ലാ പിന്തുണയും നിങ്ങൾക്കുണ്ടാകും. മുഖ്യധാരയിൽ ചേരൂ, ഇന്ത്യാ ഗവൺമെന്റും ഛത്തീസ്ഗഢ് ഗവൺമെന്റും നിങ്ങൾക്ക് പൂർണ്ണ സുരക്ഷ നൽകുമെന്നും അമിത് ഷാ അറിയിച്ചു.
Discussion about this post