ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികൾ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത്, സ്റ്റേ ചെയ്യാനും മറ്റ് ഇളവുകൾ നൽകാനും ആവശ്യപ്പെട്ട് ഇതുവരെ എട്ട് ഹർജികൾ ആണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു.
വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ല എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ ഹർജികൾ സാധാരണ രീതിയിൽ സമയമാകുമ്പോൾ മാത്രം പരിഗണിക്കും. ഹർജികൾ ലിസ്റ്റിംഗ് നടത്തുന്നതിന് ശക്തമായ ഒരു സംവിധാനം നിലവിലുണ്ട്. അതനുസരിച്ചുള്ള സമയത്ത് വിഷയം പരിഗണിക്കാം എന്നാണ് സുപ്രീംകോടതി ഹർജിക്കാരെ അറിയിച്ചിട്ടുള്ളത്.
വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിവിധ ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരും കോൺഗ്രസ് നേതാക്കളുമായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്വി തുടങ്ങിയവരാണ് ഹർജികളിൽ അടിയന്തര വാദം കേൾക്കൽ വേണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരസിക്കുകയായിരുന്നു.
ഇസ്ലാമിക സംഘടനയായ ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനിക്കുവേണ്ടിയായിരുന്നു കപിൽ സിബൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കോൺഗ്രസ് ലോക്‌സഭാ എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, എൻജിഒ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് , എഎപി എംഎൽഎ അമാനത്തുള്ള ഖാൻ എന്നിവരും വഖഫ് ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജികൾ നൽകിയിട്ടുണ്ട്.
Discussion about this post