12500 വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്ന് വംശനാശം സംഭവിച്ച് പോയ ജീവിയെ പുനസൃഷ്ടിച്ച് ശാസ്ത്രജ്ഞർ. ഡയർ വൂൾഫ് എന്ന ചെന്നായ വിഭാഗത്തെ ജനിതക എഞ്ചിനീയറിംഗിലൂടെയാണ് ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചത്. ടെക്‌സാസ് ആസ്ഥാനമായ കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഈ വമ്പൻ നേട്ടത്തിന് പിന്നിൽ. റോമുലസ്, റെമസ് എന്നാണ് ഈ ആൺ ചെന്നായ്ക്കൾക്ക് പേര് നൽകിയിരിക്കുന്നത്.
ഡയർ വൂൾഫിന്റെ പുരാതന ഡിഎൻഎയും ക്ലോണിങും ജീൻ എഡിറ്റിങും ഉപയോഗപ്പെടുത്തിയാണ് ഇവയ്ക്ക് ജന്മം നൽകിയത്. ഡയർവൂൾഫുകളുടെ ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവായ ഗ്രേ വൂൾഫിന്റെ ഡിഎൻഎ ശാസ്ത്രജ്ഞർ ഇതിനായി ഉപയോഗപ്പെടുത്തി. ആറ് മാസം മാത്രം പ്രായമുള്ള ഇവയ്ക്ക് ഇതിനകം നാല് അടി നീളവും 36 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ട്. 2024 ഒക്ടോബർ ഒന്നിനാണ് ഇവയുടെ ജനനം. 2025 ജനുവരിയിൽ ഒരു പെൺ ചെന്നായക്കും ജന്മം നൽകിയിട്ടുണ്ട്.
നിലവിൽ 2000 ഏക്കർ വരുന്ന ഭൂപ്രദേശത്താണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. 10 അടി ഉയരത്തിലുള്ള വേലി കെട്ടി ഈ സ്ഥലം സംരക്ഷിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും നിരീക്ഷണകാമറകളും ഇവയെ നിരീക്ഷിച്ചുവരികയാണ്. സാധാരണ നായ്കുട്ടികൾ മനുഷ്യരെ കാണുമ്പോൾ കാണിക്കുന്ന അടുപ്പവും പ്രസരിപ്പും ഇവ കാണിക്കുന്നില്ല. പകരം പേടിച്ച് പിൻവാങ്ങി നിൽക്കുകയാണ് ചെയ്യുന്നത്. ഡയർ വുൾഫുകളുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണിത്.
ഗെയിം ഓഫ് ത്രോൺസ്’ ആണ് ഡയർ ചെന്നായയെ ജനപ്രിയമാക്കിയത്. ഒരു കാലത്ത് വടക്കൻ അമേരിക്കയിൽ വിഹരിച്ചിരുന്ന ഇരപിടിയൻ ജീവിയായിരുന്നു ഡയർ വുൾഫ്. പ്രാചീന കാലത്ത് ജീവിച്ചിരുന്ന മാമത്ത്, ഡോഡോ, ടാസ്മാനിയൻ കടുവ എന്നിവയ്ക്കെല്ലാം പുനർജന്മം നൽകാനാണ് കമ്പനിയുടെ ഇനിയുള്ള പദ്ധതി













Discussion about this post