ഇന്നോ നാളയോ ഒരു ഭൂകമ്പം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഉറപ്പിച്ച് സകല മുൻകരുതലോടെയും ആളുകൾ പാർക്കുന്ന രാജ്യമാണ് ജപ്പാൻ. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതാ മേഖല. ഇപ്പോഴിതാ രാജ്യം ഭയപ്പെട്ടിരുന്ന ഒരു മെഗാ ഭൂചലനത്തിന്റെ മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്. വമ്പൻ സുനാമികൾ സൃഷ്ടിക്കാൻ തക്കവണ്ണം ശക്തിയുള്ള ഭൂചലനമാണ് വരാനിരിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം പേരുടെ ജീവൻ ഇത് അപഹരിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
9 തീവ്രത വരെ വരാവുന്ന ഭൂചലനത്തിനുള്ള സാധ്യതയാണ് ജപ്പാൻ മുന്നോട്ടുവച്ചത്. 3 ലക്ഷം പേരുടെ മരണം, 1.81 ട്രില്യൻ ഡോളറിന്റെ സാമ്പത്തികനഷ്ടം, കെട്ടിടങ്ങളുടെ നാശം എന്നിവ ഇതുമൂലമുണ്ടാകാം. ദുരന്തമുണ്ടായാൽ 1.23 ദശലക്ഷം പേർ (ജപ്പാൻറെ മൊത്തം ജനസംഖ്യയുടെ 1%) കുടിയൊഴിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ശൈത്യകാലത്ത് രാത്രി വൈകി ഭൂകമ്പം ഉണ്ടായാൽ ദുരന്തം പ്രതീക്ഷിച്ചതിലും വലുതായിരിക്കുമത്രേ.
ജപ്പാനീസ് സർക്കാരിന്റെ ദുരന്ത നിവാരണ സംഘത്തിന്റെ മുന്നറിയിപ്പിൽ നാൻകായി ട്രഫിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായാൽ മിനിറ്റുകൾക്കുള്ളിൽ 10 മീറ്ററിൽ (33 അടി) ഉയരത്തിൽ സുനാമിക്ക് കാരണമാകുമെന്ന് പറയുന്നു.ജപ്പാന്റെ തെക്കുകിഴക്കൻ ദിശയിലുള്ള പസിഫിക് തീരത്താണ് നൻകായി ട്രഫ്.
Discussion about this post