കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജയരാജന്റെ കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരിക്കും നടക്കുക. ഉച്ച തിരിഞ്ഞ് 2 മണിക്ക് തലശ്ശേരി സെഷന്‍സ് കോടതി കേസ് പരിഗണിക്കും.
അതേ സമയം ജയരാജനെ സി.ബി.ഐ രണ്ടാം ദിവസവും ചോദ്യം ചെയ്തു. രാവിലെ 10 മണിയോടെ സെന്‍ട്രല്‍ ജയിലിലത്തെിയ എട്ടംഗ സംഘമാണ് ചോദ്യം ചെയ്തത്. എസ്.പി ജോസ് മോഹന്‍, ഡിവൈ.എസ്.പി ഹരി ഓം പ്രകാശ്, ഇന്‍സ്പെക്ടര്‍ സലിം സാഹിബ് എന്നിവരടങ്ങിയതാണ് സംഘം.
രണ്ടാം ദിവസവും ജയരാജന് വേണ്ടത്ര സഹകരിച്ചില്ലെന്നാണ് വിവരം. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, ഓര്‍മയില്ല എന്ന മറുപടിയാണ് നല്‍കിയത്. മനോജിനെ അറിയുമോയെന്ന ചോദ്യത്തിന്, അറിയില്ലെന്ന മറുപടിയാണത്രേ നല്‍കിയത്. കൊല്ലപ്പെട്ട ശേഷമാണ് മനോജിനെക്കുറിച്ച് അറിഞ്ഞത്. രണ്ടു ഡ്രൈവറുണ്ടോ എന്ന ചോദ്യത്തിന്, ഒരു ഡ്രൈവര്‍ മാത്രമേയുള്ളൂവെന്നായിരുന്നു മറുപടി.
ആരോഗ്യ പ്രശ്നമുണ്ടെന്നും രാവിലെ ഛര്‍ദ്ദിച്ചെന്നും വ്യാഴാഴ്ച സി.ബി.ഐ സംഘത്തോട് അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് ജയില്‍ ഡോക്ടര്‍ പരിശോധിച്ചു. ഇതിനുശേഷമാണ് ചോദ്യം ചെയ്യാനായത്. ഹൈകോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഫെബ്രുവരി 11നാണ് ജയരാജന് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. നിയമവിരുദ്ധ കുറ്റകൃത്യം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തിയതിനാല്‍ ഒരുമാസത്തേക്കാണ് ജയരാജനെ കോടതി റിമാന്‍ഡ് ചെയ്തത്.
Discussion about this post