മോസ്കോ; റഷ്യയുടെ വിജയദിന പരേഡിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരായ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചുള്ള വിജയദിന പരേഡാണ് റഷ്യയിൽ ആഘോഷിക്കുന്നത്. മെയ് 9 ന് റഷ്യയിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോസ്കോ ക്ഷണിച്ചതായി റഷ്യൻ വിദേശകാര്യ സഹ മന്ത്രി ആൻഡ്രി റുഡെൻകോ അറിയിച്ചു.
പ്രധാനമന്ത്രി മോദിക്ക് ക്ഷണം അയച്ചിട്ടുണ്ടെന്നും അടുത്ത മാസം അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യൻ മാദ്ധ്യമങ്ങളും റിപോർട്ട് ചെയ്യുന്നു. മോസ്കോയിലെ റെഡ് സ്ക്വയറിൽ നടക്കുന്ന ഈ വർഷത്തെ വിജയ ദിന പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദിയെ കൂടാതെ നിരവധി സൗഹൃദ രാജ്യങ്ങളിലെ നേതാക്കളെയും റഷ്യ ക്ഷണിച്ചിട്ടുണ്ട്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ ക്ഷണം . 2024 ജൂലൈയിൽ പ്രധാനമന്ത്രി മോദി തന്റെ റഷ്യാ യാത്രയ്ക്കിടെ പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. വ്ലാഡിമിർ പുടിൻ ഇന്ത്യയുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തു. സന്ദർശനത്തിന്റെ കൃത്യമായ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
2019 ൽ ഒരു സാമ്പത്തിക കോൺക്ലേവിൽ പങ്കെടുക്കാൻ വ്‌ളാഡിവോസ്റ്റോക്കിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. അഞ്ച് വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദി 2024 ൽ റഷ്യ സന്ദർശിക്കുകയും ചെയ്തു. പുടിനും പ്രധാനമന്ത്രി മോദിയും തമ്മിൽ ശക്തമായ സൌഹൃദബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മാസത്തിലൊരിക്കൽ ടെലിഫോൺ സംഭാഷണങ്ങൾ നടത്താറുണ്ട് . അന്താരാഷ്ട്ര പരിപാടികളുടെ ഭാഗമായി ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ചകൾ നടത്തുന്നതും സൌഹൃദത്തിൻറെ ആഴം കൂട്ടിയിട്ടുണ്ട്.













Discussion about this post