ബീജിങ് : ചൈനയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 104 ശതമാനം തീരുവ ചുമത്താൻ ഉള്ള യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് അതേനാണയത്തിൽ മറുപടി നൽകി ചൈന. അമേരിക്കൻ ഇറക്കുമതിക്ക് 84 ശതമാനം തീരുവ വർദ്ധിപ്പിച്ചാണ് ചൈന വ്യാപാരയുദ്ധത്തിലേക്ക് ചുവടെടുത്തുവച്ചിരിക്കുന്നത്. ഏപ്രിൽ 10 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ചൈനയുടെ ധനകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ലോക വ്യാപാര സംഘടനയിൽ അമേരിക്കയ്‌ക്കെതിരെ വീണ്ടും കേസ് ഫയൽ ചെയ്യുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് കമ്പനികളുമായുള്ള അമേരിക്കൻ കമ്പനികളുടെ വ്യാപാരത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ചൈന തീരുമാനിച്ചു. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും അവസാനം വരെ പോരാടാനുമുള്ള ഉറച്ച ഇച്ഛാശക്തിയും സമൃദ്ധമായ മാർഗങ്ങളും ചൈനയ്ക്കുണ്ട് എന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ചൈനയുടെ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവയെ ഹനിക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇത്തരം ഭീഷണിപ്പെടുത്തലുകളും ആധിപത്യ നടപടികളും ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പര താരിഫ് വർദ്ധനവിലൂടെ ചൈനയും അമേരിക്കയും ഒരു വ്യാപാര യുദ്ധത്തിലേക്ക് കടക്കുന്നത് രാജ്യങ്ങൾക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Discussion about this post