ന്യൂഡൽഹി : അടിസ്ഥാന സൗകര്യ വികസനത്തിനായി 4,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ആന്ധ്രപ്രദേശിലൂടെയും തമിഴ്നാട്ടിലൂടെയും കടന്നുപോകുന്ന തിരുപ്പതി-പകല-കാട്പാടി സിംഗിൾ റെയിൽവേ ലൈൻ (104 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്ന പദ്ധതിയാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയിട്ടുള്ളവയിൽ പ്രധാനപ്പെട്ടത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ആറ് വരി പ്രവേശന നിയന്ത്രിത സിറാക്പൂർ ബൈപാസിന്റെ വികസന പദ്ധതികൾക്കും കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്.
തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തർക്ക് ഏറെ സൗകര്യപ്രദമായ പദ്ധതിയാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. തിരുപ്പതി ക്ഷേത്രം കൂടാതെ ശ്രീ കാളഹസ്തി ശിവക്ഷേത്രം, കാണിപകം വിനായക ക്ഷേത്രം, ചന്ദ്രഗിരി കോട്ട തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കും കണക്ടിവിറ്റി വർധിപ്പിക്കാൻ ഈ റെയിൽപാത ഇരട്ടിപ്പിക്കൽ വഴി കഴിയുന്നതായിരിക്കും.
പട്യാല, ഡൽഹി, മൊഹാലി എയ്റോസിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഗതാഗതം വഴിതിരിച്ചുവിട്ട് ഹിമാചൽ പ്രദേശിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകുന്നതിലൂടെ സിറക്പൂർ, പഞ്ച്കുല, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കുക എന്നതാണ് സിറാക്പൂർ ബൈപാസ് പദ്ധതി ലക്ഷ്യമിടുന്നത്.
2025-2026 കാലയളവിലേക്കുള്ള പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ്‌വൈ) യുടെ ഒരു ഉപ പദ്ധതി ആണ് കേന്ദ്രസർക്കാർ അടുത്തതായി നടപ്പിലാക്കാൻ ഒരുങ്ങുന്ന മറ്റൊരു സുപ്രധാന പദ്ധതി. കമാൻഡ് ഏരിയ വികസനത്തിന്റെയും ജല മാനേജ്‌മെന്റിന്റെയും ആധുനികവൽക്കരണം ആണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 1600 കോടി രൂപ ചിലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post