ന്യൂഡൽഹി: ഇന്ത്യക്കാർ ഒന്നടങ്കം ആഗ്രഹിച്ച സുദിനത്തിലൊന്ന് വന്നെത്തിയിരിക്കുകയണ്. മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ(64) ഇന്ന് ഡൽഹിയിലെത്തിക്കും. ഇന്ത്യയിലെത്തിക്കാനായി കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയിരുന്നു. എൻഐഎയുടെ കസ്റ്റഡിയിലാക്കിയശേഷം നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കും. ഡൽഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളിൽ ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബിനെ പാർപ്പിച്ച ആർതർ റോഡിലെ സെൻട്രൽ ജയിലിലെ 12-ാം നമ്പർ ബാരക്കിലായിരിക്കും തഹാവുർ റാണയേയും പാർപ്പിക്കുക.
റാണ ഇന്ത്യയിലെത്തുന്നതോടെ ആശ്വാസത്തിലാണ് ഭീകരാക്രമണത്തിലെ നായകന്മാരിലൊരാളായ മുഹമ്മദ് തൗഫീഖ് എന്ന ഛോട്ടു ചായ് വാല. അദ്ദേഹത്തിന്റെ ജാഗ്രത കൊണ്ട് ഛത്രപതി ശിവാജി ടെർമിനൻസ് സ്റ്റേഷനിലുണ്ടായിരുന്ന നൂറുകണക്കിന് ആളുകളാണ് അന്ന് ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റാണ ഇന്ത്യയിലെത്തി നിയമനടപടികൾ നേരിടുന്നത് നല്ല കാര്യമാണ് എന്നാൽ, തീവ്രവാദിയായ അജ്മൽ കസബിന് നൽകിയതുപോലെ തഹാവൂർ റാണയ്ക്ക് ഇന്ത്യ പ്രത്യേക പരിഗണന നൽകരുതെന്ന് മുഹമ്മദ് തൗഫീഖ് പറഞ്ഞു.’ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അയാൾക്ക് സെൽ നൽകേണ്ട ആവശ്യമില്ല. കസബിന് നൽകിയതുപോലെ ബിരിയാണി പോലുള്ള സൗകര്യങ്ങളും നൽകരുത്. തീവ്രവാദികൾക്കായി ഒരു പ്രത്യേക നിയമം ഉണ്ടായിരിക്കണം, രണ്ട് – മൂന്ന് മാസത്തിനുള്ളിൽ അവരെ തൂക്കിലേറ്റുന്ന ഒരു സംവിധാനം നിലവിലുണ്ടാകണം’- അദ്ദേഹം പറഞ്ഞു.
2008 നവംബർ 26ന് മുംബൈയിലെ താജ് ഹോട്ടലിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മലയാളി സൈനികനായ സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കം 20 സുരക്ഷാ ഉദ്യോഗസ്ഥരും 26 വിദേശികളും ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 300ലധികം പേർക്ക് പരിക്കേറ്റിരുന്നു.താജ് ഹോട്ടൽ, ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു. കടൽ മാർഗം മുംബൈയിലെത്തിയ 10 പാകിസ്ഥാൻ ഭീകരർ 60 മണിക്കൂറിലധികമാണ് മുംബൈയെ മുൾമുനയിൽ നിർത്തിയത്. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.
2019ലാണ് റാണയെ കസ്റ്റഡിയിൽ ലഭിക്കാൻ അമേരിക്കയ്ക്ക് ഇന്ത്യ അപേക്ഷ നൽകിയത്. തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയാണെന്നും അതിനാൽ ഇന്ത്യയ്ക്ക് കൈമാറമമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടയാനാവില്ലെന്ന് യുഎസ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷയും കോടതി തള്ളി. കുറ്റവാളി കൈമാറ്റ ഉടമ്പടിപ്രകാരം റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കലിഫോർണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് റാണയെ കൈമാറ്റം ചെയ്യുക.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചത്. ബാല്യകാല സുഹൃത്തും പാക് വംശജനുമായ- അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി ചേർന്ന് ലഷ്‌കറെ തയ്ബയ്ക്കുവേണ്ടി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പാക് വംശജനായ കനേഡിയൻ വ്യവസായി റാണയ്‌ക്കെതിരെയുള്ള കേസ്. 2008 നവംബർ 26നായിരുന്നു മുംബൈയിൽ ഭീകരാക്രമണം നടന്നത്. 2009 മുതൽ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ.
Discussion about this post