ന്യൂഡൽഹി : 26/11 മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്ക ഇന്ത്യക്ക് കൈമാറിയതോടെ മുംബൈ ഭീകരാക്രമണം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. റാണയെ ഇന്ത്യയിലേക്ക് എത്തിക്കുന്ന ദൗത്യത്തിന് നേതൃത്വം വഹിച്ച എൻഐഎ ഡയറക്ടർ ജനറൽ സദാനന്ദ് ദത്തേ ആണ് ചർച്ചകളിലെ ഒരു പ്രധാന താരം. മുംബൈ ഭീകരാക്രമണദിവസം നേരിട്ട് രംഗത്തിറങ്ങുകയും അജ്മൽ കസബിനെയും അബു ഇസ്മായിലിനെയും ആദ്യമായി നേരിടുകയും ചെയ്ത പോലീസ് ഓഫീസർ കൂടിയാണ് സദാനന്ദ് ദത്തേ.
26/11 ഭീകരാക്രമണത്തിൽ ധീരമായി പോരാടിയതിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡൽ നേടിയ വ്യക്തി കൂടിയാണ് നിലവിലെ എൻഐഎ മേധാവിയായ സദാനന്ദ് ദത്തേ. തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിലേക്ക് അമേരിക്കയെ നയിച്ചത് എൻഐഎ നടത്തിയ തുടരന്വേഷണങ്ങളും വാദങ്ങളും ആണ്. ഇതിന് നേതൃത്വം നൽകിയത് മുംബൈ ഭീകരാക്രമണത്തെ നേരിട്ട് മാരകമായി പരിക്കേറ്റിരുന്ന ആ പഴയ ഐപിഎസ് ഉദ്യോഗസ്ഥൻ ആയിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്.
മുംബൈ ഭീകരാക്രമണം നടക്കുന്ന സമയത്ത് മുംബൈയിലെ സെൻട്രൽ റീജിയണിന്റെ അഡീഷണൽ പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയായിരുന്നു സദാനന്ദ് ദത്തേ. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കാമ ആൻഡ് ആൽബ്ലെസ് ഹോസ്പിറ്റലിൽ രണ്ട് തീവ്രവാദികൾ പ്രവേശിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അന്ന് അദ്ദേഹം സംഭവ സ്ഥലത്ത് എത്തിയത്. കെട്ടിടത്തിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ, കസബ് എറിഞ്ഞ ഒരു ഗ്രനേഡ് വെറും മൂന്ന് അടി അകലെ വീണു പൊട്ടിത്തെറിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പ്രകാശ് മോർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. എന്നാൽ പരിക്കേറ്റിട്ടും ദത്തേ പിന്മാറിയില്ല. അടുത്ത 40 മിനിറ്റോളം സമയം അദ്ദേഹം ഭീകരരുമായി ഏറ്റുമുട്ടി.
വെടിയുണ്ടകളിൽ നിന്നും ധീരതയോടെ രക്ഷപ്പെട്ടെങ്കിലും ഭീകരർ എറിഞ്ഞ ഒരു ഗ്രനേഡ് അദ്ദേഹത്തിന് അടുത്ത് വച്ച് വീണ്ടും പൊട്ടിത്തെറിച്ചു. ഇത്തവണ അദ്ദേഹത്തിന് മാരകമായി മുറിവേൽക്കുകയും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. സദാനന്ദ് ദത്തേ വീണതോടെ അജ്മൽ കസബും അബു ഇസ്മായിലും ആശുപത്രി വിട്ട് ഓടി രക്ഷപ്പെട്ടു. വൈകാതെ തന്നെ സദാനന്ദ് ദത്തേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന് ജോലിയിലേക്ക് മടങ്ങിവരാൻ ഏറെ നാളത്തെ ചികിത്സ ആവശ്യമായി വന്നിരുന്നു.
1990 ബാച്ചിലെ മഹാരാഷ്ട്ര കേഡറിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് ദത്തേ. വളരെ പാവപ്പെട്ട ഒരു കുടുംബത്തിൽ ഒരു വീട്ടുജോലിക്കാരിയായ അമ്മയുടെ മകൻ ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പം മുതലേ പത്രം വിതരണം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം തന്റെ പഠനവും മറ്റു ചിലവുകളും മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഐപിഎസ് നേടിയതിനു ശേഷം മുംബൈ പോലീസിലും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) യിലും ദത്തെ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവനായും മീര-ഭായന്ദർ-വാസായി-വിരാർ മേഖലയിലെ ആദ്യത്തെ പോലീസ് കമ്മീഷണറായും നിയമിതനായ വ്യക്തിയാണ് അദ്ദേഹം. 2023 ലാണ് സദാനന്ദ് ദത്തേ എൻഐഎയുടെ ഡയറക്ടർ ജനറലായി നിയമിതനായത്.
Discussion about this post