പരസ്പരമുള്ള താരിഫ് വർദ്ധനകളിലൂടെ യുഎസ്-ചൈന വ്യാപാര യുദ്ധം ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലേക്കുള്ള ഇറക്കുമതി പ്രതിസന്ധിയിൽ ആയതോടെ ഇന്ത്യക്ക് കൂടുതൽ കഴിവുകൾ നൽകിക്കൊണ്ട് വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് ചൈനീസ് നിർമ്മാതാക്കൾ.
പല ചൈനീസ് ഇലക്ട്രോണിക് ഘടക നിർമ്മാതാക്കളും ഇന്ത്യൻ കമ്പനികൾക്ക് 5% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മൂലം ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കുറയുന്നത് ചൈനീസ് നിർമ്മാതാക്കൾക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെയാണ് ഇവർ ഇന്ത്യയിൽ കൂടുതൽ വിൽപ്പന ലക്ഷ്യമിട്ടുള്ള കിഴിവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ചൈനീസ് നിർമ്മാതാക്കളുടെ ഈ ഓഫർ ഇന്ത്യ സ്വീകരിച്ചാൽ പല ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും വിലകുറഞ്ഞേക്കാൻ സാധ്യതയുണ്ട്. ടിവി, ഫ്രിഡ്ജ്, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് പ്രധാനമായും വില കുറയാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നത്.
ഇന്ത്യ ഏറ്റവും കൂടുതൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. ഇതിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടെലിവിഷനുകൾ, പവർ സപ്ലൈകൾ, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു. അതിനാൽ നിലവിൽ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗുണകരമാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post