ന്യൂഡൽഹി : വിദ്യാർത്ഥി വിസ ദുരുപയോഗം ചെയ്ത് ഇന്ത്യയിലെത്തി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ കണ്ണികളായ രണ്ടുപേരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. പ്രതികളിൽ നിന്നും ഒരു കോടിയിലധികം വിലമതിക്കുന്ന ഹെറോയിൻ പിടികൂടിയിട്ടുണ്ട്.
ഉഗാണ്ടയിൽ നിന്നുള്ള ഹംഫ്രി മുവോങ് (33), നൈജീരിയയിൽ നിന്നുള്ള ചുക്വു എബുക ഉമേ (36) എന്നിവരാണ് ഡൽഹിയിൽ അറസ്റ്റിലായിട്ടുള്ളത്. 700 ഗ്രാം ഹൈഗ്രേഡ് ഹെറോയിൻ ആണ് ഇവരുടെ കൈയിൽ നിന്നും പോലീസ് പിടികൂടിയത്. നൈജീരിയൻ പൗരനായ ഡാഗ്രി ജീൻ മാർക്ക് എന്ന വ്യക്തി നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്ന ഒരു വലിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗങ്ങളാണ് ഇരുവരും.
മുമ്പ് ഇന്ത്യയിൽ താമസിച്ചിരുന്ന മാർക്ക്, ഡൽഹിയിലെ തിലക് നഗറിൽ ഒരു സംഘടിത മയക്കുമരുന്ന് വിതരണ ശൃംഖല സ്ഥാപിച്ചിട്ടുണ്ട് എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന് എന്ന വ്യാജേന ആഫ്രിക്കൻ പൗരന്മാരെ വിദ്യാർത്ഥി വിസയിൽ ഇന്ത്യയിലേക്ക് എത്തിച്ചാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്. ഈ മയക്കുമരുന്ന് വിതരണ ശൃംഖല തകർക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും കൂടുതൽ അംഗങ്ങൾ ഉടൻതന്നെ അറസ്റ്റിൽ ആകും എന്നും ഡൽഹി പോലീസ് അറിയിച്ചു.
Discussion about this post