ന്യുയോർക്ക് : ഹിന്ദുവിരുദ്ധതക്കെതിരെ നിയമം കൊണ്ടുവരാനൊരുങ്ങി അമേരിക്കൻ സംസ്ഥാനമായ ജോർജിയ. ഹിന്ദുവിരുദ്ധതക്കെതിരേയും ഹിന്ദുവിവേചനത്തിനെതിരേയും നടപടിയെടുക്കാൻ ആവശ്യമായ നിയമമാണ് സെനറ്റിൽ ബിൽ പാസായാൽ നടപ്പാകുന്നത്. ബിൽ പാസായാൽ ഈ നിയമം നടപ്പിലാകുന്ന ആദ്യ സംസ്ഥാനമാകും ജോർജിയ.
നോർത്ത് അമേരിക്കൻ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ സി.ഒ എച്ച്.എൻ.എ ആണ് വിവരം പുറത്തുവിട്ടത്. റിപ്പബ്ലിക്കൻ സെനറ്റർമാരും ഡെമോക്രാറ്റ് സെനറ്റർമാരും ബില്ലിനെ അനുകൂലിച്ചു. റിപ്പബ്ലിക്കൻ സെനറ്റർമാരായ ഷോൺ സ്റ്റിൽ, ക്ലിന്റ് ഡിക്സൺ എന്നിവരും ഡെമോക്രാറ്റിക് സെനറ്റർമാരായ ജേസൺ എസ്റ്റിവെസും ഇമ്മാനുവൽ ഡി ജോൺസുമാണ് സംയുക്തമായി ബില്ലിനെ പിന്തുണച്ചത്.
2023 ൽ ഹിന്ദു വിരുദ്ധതക്കെതിരെ ജോർജിയ പ്രമേയം പാസ്സാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയതും പുരാതനവുമായ മതങ്ങളിൽ ഒന്നാണ് ഹിന്ദുമതം. 120 കോടി വിശ്വാസികളുള്ള, 100 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മതം വിവിധങ്ങളായ പാരമ്പര്യങ്ങളെ കൊണ്ടും വിശ്വാസ സമ്പ്രദായങ്ങളെക്കൊണ്ടും സമ്പന്നമാണ്. പരസ്പര ബഹുമാനത്തിന്റെയും സഹിഷ്ണുതയുടേയും സമാധാനത്തിന്റെയും മതമാണ് ഹിന്ദുമതമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post