മുംബൈ : നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. കാർ ബോംബ് വെച്ച് തകർക്കുമെന്നും നടനെ വധിക്കുമെന്നും ആണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. മുംബൈ വോർളി ഗതാഗത വകുപ്പിന്റെ വാട്ട്‌സ്ആപ്പ് നമ്പറിൽ ആണ് സന്ദേശം ലഭിച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘം തന്നെയാണോ ഭീഷണിക്ക് പിന്നിലെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
2024 ഏപ്രിൽ 14നായിരുന്നു സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് ഉണ്ടായിരുന്നത്. കൃത്യം ഒരു വർഷത്തിന് ശേഷമാണ് കാർ ബോംബ് വെച്ച് തകർക്കുമെന്ന സന്ദേശം ലഭിച്ചിരിക്കുന്നത് എന്നതിനാൽ പോലീസ് സംഭവത്തെ ഗുരുതരമായാണ് കണക്കാക്കുന്നത്. സൽമാന്റെ വീട്ടിൽ കയറി വാഹനങ്ങളിൽ സ്‌ഫോടകവസ്തു സ്ഥാപിക്കുമെന്ന് ആണ് വാട്സ്ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം വോർലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താനും ഭീഷണിയുടെ വിശ്വാസ്യത പരിശോധിക്കാനും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞവർഷം സൽമാൻഖാന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമായിരുന്നു. ബൈക്കിൽ എത്തിയ രണ്ട് ആക്രമികൾ സൽമാൻഖാന്റെ ഫ്ലാറ്റിനു നേരെ 5 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ജയിലിലുള്ള ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരൻ അൻമോൾ ബിഷ്‌ണോയി ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
Discussion about this post