തിരുവനന്തപുരം : എഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ ചെയ്ത് ഡിജിപി. ഇന്‍റലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയ സംഭവത്തിലാണ് കേസെടുക്കുന്നത്. ഡിജിപിയുടെ ശുപാര്‍ശയിൽ ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്നായിരുന്നു എംആർ അജിത്കുമാർ വ്യാജമൊഴി നൽകിയിരുന്നത്.
ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇത്തരത്തിൽ വ്യാജമൊഴി നൽകുന്നത് ക്രിമനൽ കുറ്റമെന്നാണ് ഡിജിപിയുടെ കണ്ടെത്തൽ. നടപടിക്ക് ഡിജിപി ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജിത് കുമാറിനെതിരെ സർക്കാർ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം നിർണായകമാണ്.
ഇത്തരത്തിൽ ഡിജിപി തന്നെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് ശുപാർശ ചെയ്യുന്നത് അസാധാരണ സാഹചര്യമായാണ് വിലയിരുത്തപ്പെടുന്നത്. പി വി അൻവറിന്‍റെ ആരോപണത്തെ തുടർന്നുള്ള ഡിജിപിയുടെ അന്വേഷണത്തിലാണ് അജിത് കുമാർ വ്യാജമൊഴി നൽകിയത്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് മലപ്പുറം മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞുവെന്നായിരുന്നു അജിത് കുമാറിന്‍റെ മൊഴി. മൊഴി പുറത്ത് വന്നതിന് പിന്നാലെ സുജിത് ദാസ് ഇക്കാര്യം തള്ളിപ്പറയുകയായിരുന്നു.









Discussion about this post